ഹാഥ്റസ് ബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷവും, കുടുംബത്തി​ലെ ഒരാള്‍ക്ക് ജോലിയും

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി
ഹാഥ്റസ് ബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷവും, കുടുംബത്തി​ലെ ഒരാള്‍ക്ക് ജോലിയും

ലഖ്‍നൗ : ഹാഥ്റസില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനവും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് യുപി സര്‍ക്കാര്‍.

വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് ക‌ര്‍ശന നടപടി സ്വീകരിക്കാന്‍ യുപി മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിനു പിന്നാലെയാണ് സഹായധനവും ജോലിയും പ്രഖ്യാപിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചു.

കുടുംബത്തിന്‍റെ അനുമതിയില്ലാതെ മൃതദേഹം പോലീസ് ബലം പ്രയോഗിച്ച്‌ സംസ്കരിച്ചത് യുപി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതലേ പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി.

സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടി അംഗീകരിക്കില്ലെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും വരെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കമ്മീഷന്‍ നോട്ടീസ് അയച്ചു. കേസില്‍ സിബിഐയോ ജൂഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീ കോടതിയില്‍ പൊതുതാ‌ല്‍പര്യ ഹ‍ര്‍ജി എത്തി. കേസിന്‍റെ വിചാരണ ഡല്‍ഹിയ്ക്ക് മാറ്റണമെന്നും ഇതിനായി അതിവേഗകോടതി സ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സെപ്​റ്റംബര്‍ 14നാണ്​ ​പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം ക്രൂരമായി അക്രമിച്ച്‌​ വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്​. പെണ്‍കുട്ടിയെ വിദഗ്​ധ ചികിത്സക്കായി പിന്നീട്​ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. സെപ്​റ്റംബര്‍ 29ന്​ പെണ്‍കുട്ടി മരണത്തിന്​ കീഴടങ്ങി. നാവ്​ മുറിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളും ഒടിവുകളുമുണ്ടായിരുന്നു.

പെണ്‍കുട്ടിക്ക്​ നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ ബന്ധുക്കളെ പോലും കാണിക്കാതെ മൃതദേഹം പൊലീസുകാര്‍ തന്നെ അര്‍ധരാത്രിയില്‍ സംസ്​കരിക്കുകയായിരുന്നു. പൊലീസി​ന്‍റെ ഈ സമീപനം പ്രതികളെ സഹായിക്കാനാണെന്നാണ്​ ഉയരുന്ന ആക്ഷേപം.

Related Stories

Anweshanam
www.anweshanam.com