ഹത്രാസ്: പ്രത്യേക അന്വേഷണ സംഘം ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്
ഹത്രാസ്: പ്രത്യേക അന്വേഷണ സംഘം ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും

ലക്‌നോ: ഹത്രാസ് ദളിത് പെൺകുട്ടിയുടെ കൂട്ടബലാത്സംഗ കൊലപാതകത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ , ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍നിന്ന് അന്വേഷണ സംഘങ്ങള്‍ വിശദമായ മൊഴിയെടുത്തിരുന്നു.

അതേസമയം, ഉത്തർപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വൈകുന്നു എന്ന ആശങ്കയും ഉയരുന്നുണ്ട്. ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും നല്‍കിയില്ല. വെള്ളിയാഴ്ച വൈകീട്ട് അന്വേഷണം പൂര്‍ത്തിയായതായി എസ്‌ഐടി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് നൽകാനുള്ള സാധ്യത. എന്നാൽ കേസിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നത് പോലെ ഇത് മനപൂർവ്വമായ വൈകിക്കൽ ആണോ എന്ന കാര്യത്തിൽ വ്യക്തത വർന്നിട്ടില്ല

പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്പി, ഡിഎസ്പി, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണഘട്ടത്തില്‍ എസ്.ഐ.ടി പുറത്തുവിട്ടത് വിവാദമായിരുന്നു.

ഇതിനിടെ, കേസിലെ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. ഇന്നലെയും ഹത്രാസിലെ സിബിഐ സംഘത്തിന്റെ പരിശോധന നടന്നു. കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അക്കാര്യങ്ങളില്‍ സുപ്രീംകോടതി തീരുമാനം ദസറ അവധിക്ക് ശേഷമേ ഇനി ഉണ്ടാകാന്‍ സാധ്യതയുള്ളു.

Related Stories

Anweshanam
www.anweshanam.com