രാംദേവിന്റെ കോവിഡ് മരുന്ന് കണ്ടുപിടുത്തത്തെ പുകഴ്ത്തി ആയുഷ് മന്ത്രാലയം  
Sheji
India

രാംദേവിന്റെ കോവിഡ് മരുന്ന് കണ്ടുപിടുത്തത്തെ പുകഴ്ത്തി ആയുഷ് മന്ത്രാലയം  

പരിശോധനയ്ക്ക് ശേഷമേ അനുമതി നല്‍കുകയുള്ളൂ എന്ന് മന്ത്രി ശ്രീപഥ് നായിക്.

News Desk

News Desk

ന്യൂ ഡല്‍ഹി: പതഞ്ജലി സ്ഥാപകന്‍ രാംദേവിന്റെ പുതിയ മരുന്ന് കണ്ടുപിടുത്തത്തെ സ്വാഗതം ചെയ്ത് ആയുഷ് മന്ത്രാലയം. രാംദേവ് രാജ്യത്തിന് പുതിയ മരുന്ന് സംഭാവന ചെയ്തത് നല്ല കാര്യമാണെന്നും എന്നാല്‍ പരിശോധനയ്ക്ക് ശേഷമേ അനുമതി നല്‍കൂവെന്നും മന്ത്രി ശ്രീപഥ് നായിക് പറഞ്ഞു.

നിയമം അനുസരിച്ച് അവര്‍ ആദ്യം ആയുഷ് മന്ത്രാലയത്തിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഞങ്ങള്‍ അത് പരിശോധിച്ച ശേഷം മാത്രമേ മരുന്നിന് അനുമതി നല്‍കുകയുള്ളൂ എന്നാണ് ആയുഷ് വകുപ്പ് മന്ത്രി ശ്രീപഥ് നായിക് പറഞ്ഞത്.

കോവിഡിന് ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്നും ഏഴു ദിവസം കൊണ്ട് കോവിഡ് ഭേദമാക്കും എന്നുമാണ് രാംദേവിന്റെ പതജ്ഞലി കമ്പനിയുടെ അവകാശവാദം. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. പരീക്ഷണത്തില്‍ മരുന്ന് നൂറുശതമാനം വിജയമാണെന്നും ഇവര്‍ അവകാശപ്പെട്ടു.

രാജ്യത്തെ 280 കോവിഡ് രോഗികളില്‍ മരുന്ന് ഫലം കണ്ടെന്നാണ് ബാബ രാംദേവ് അവകാശപ്പെട്ടത്. ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതജ്ഞലി ആയുര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്നിന്റെ നിര്‍മാണം. പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എന്നാല്‍ ആരിലൊക്കെയാണ് മരുന്ന് പരീക്ഷണം നടത്തിയതെന്നോ എന്തെല്ലാമാണ് മരുന്നില്‍ അടങ്ങിയിരിക്കുന്നതെന്നോ വ്യക്തമല്ല. മാര്‍ച്ച് മാസത്തിലും കോവിഡിന് മരുന്ന് കണ്ടുപിടിച്ചതായി രാം ദേവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ആരോഗ്യവിദഗ്ധര്‍ തന്നെ രംഗത്തെത്തിയിരുന്നു.

Anweshanam
www.anweshanam.com