ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും അപമാനിച്ചിട്ടില്ല: സഞ്ജയ് റാവത്ത്
India

ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും അപമാനിച്ചിട്ടില്ല: സഞ്ജയ് റാവത്ത്

മറാത്തി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയുടെ പരാമര്‍ശം.

News Desk

News Desk

ന്യൂ ഡല്‍ഹി: ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ശിവശേന നേതാവ് സഞ്ജയ് റാവത്ത്. ലോകാരോഗ്യ സംഘടനയെപ്പറ്റിയുള്ള തന്റെ പരാമര്‍ശങ്ങള്‍ ചിലര്‍ രാഷ്ട്രീയ നേട്ടത്തിനായി ഇത്തരത്തില്‍ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാരെയും ലോകാരോഗ്യ സംഘടയേയും മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ രാജ്യസഭ എംപി കൂടിയായ സഞ്ജയ് റാവത്തിനെതിരെ മഹാരാഷ്ട്ര ഐഎംഎ ഉപരാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഈ അവസരത്തിലാണ് തന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി സഞ്ജയ് രംഗത്തെത്തിയത്.

മറാത്തി ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയുടെ ഈ പരാമര്‍ശം. ഡോക്ടര്‍മാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമാണ് ചാനലിലൂടെ അദ്ദേഹം നടത്തിയത്.

ചിലര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ എന്റെ പ്രസ്താവനകളെ വളച്ചൊടിക്കുന്നു. ഞാന്‍ ആരെയും പരസ്യമായി അപമാനിച്ചിട്ടില്ല. പ്രത്യേകിച്ച് ഡോക്ടര്‍മാരെ. ഈ മഹാമാരിക്കാലത്ത് അവരോട് ആര്‍ക്കെങ്കിലും അങ്ങനെ പെരുമാറാന്‍ സാധിക്കുമോ? എന്നാണ് സഞ്ജയുടെ വാദം.

ഡോക്ടര്‍മാരും നഴ്‌സുമാരും തുടങ്ങി എല്ലാ ആരോഗ്യപ്രവര്‍ത്തകരും ഈ ഘട്ടത്തില്‍ ചെയ്യുന്ന സേവനങ്ങള്‍ വിലമതിക്കാനാവത്തതാണ്. ലോകാരോഗ്യ സംഘടനയെപ്പറ്റിയാണ് ഞാന്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. ലോകാരോഗ്യ സംഘടന കൃത്യമായ രീതിയില്‍ ഇടപ്പെട്ടിരുന്നെങ്കില്‍ ലോകത്താകമാനം കൊവിഡ് പടരില്ലായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്- സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com