പകൽകൊള്ള തുടരുന്നു: 14 ദിവസങ്ങൾക്കിടെ ഇന്ധന വില ഉയർന്നത് 8 രൂപയോളം
India

പകൽകൊള്ള തുടരുന്നു: 14 ദിവസങ്ങൾക്കിടെ ഇന്ധന വില ഉയർന്നത് 8 രൂപയോളം

പെട്രോള്‍ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസല്‍ ലിറ്ററിന് 7 രൂപ 86 പൈസയും കൂടി

News Desk

News Desk

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ 14 ആം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ 14 ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസല്‍ ലിറ്ററിന് 7 രൂപ 86 പൈസയും കൂടി. പെട്രോള്‍ ലിറ്ററിന് 79 രൂപ 09 പൈസയും ഡീസല്‍ ലിറ്ററിന് 73 രൂപ 55 പൈസയുമാണ് ഇപ്പോഴത്തെ വില.

കൊച്ചിയില്‍ പെട്രോളിന് ഇന്ന് 78.70 രൂപയും ഡീസലിന് 73.03 രൂപയും നല്‍കണം. തിരുവനന്തപുരത്ത് പെട്രോളിന് 80.10 രൂപയും ഡീസലിന് 74.44 രൂപയുമാണ് വില.

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിയുമ്പോഴാണ് ഇന്ത്യയില്‍ എണ്ണവിതരണ കമ്പനികള്‍ വില ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല.

ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 19 മാസം മുന്‍പ് അന്താരാഷ്‌ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്‍റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില.

ഇപ്പോള്‍ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തില്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തര വില്‍പ്പന വില ഉയര്‍ത്തുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 37 ഡോളറായാണ് താഴ്ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഘട്ടത്തില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 16 ഡോളറായി താഴ്ന്നിരുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഈ കാലയളവില്‍ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്. കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെ‌ട്രോളിയം കമ്പനികള്‍ നഷ്‌ടം നികത്തല്‍ എന്ന പേരില്‍ ഉയര്‍ത്തുന്ന വില്‍പ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങള്‍.

Anweshanam
www.anweshanam.com