ബലാത്സംഗക്കേസില്‍ അറസ്റ്റിലായ മുന്‍ യുപി മന്ത്രിക്ക് ജാമ്യം
India

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ മുന്‍ യുപി മന്ത്രിക്ക് ജാമ്യം

രണ്ട് മാസത്തേക്കാണ് ജാമ്യം ലഭിച്ചത്

News Desk

News Desk

ലഖ്‌നൗ: യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത സംഭവത്തില്‍ യു.പി മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്ക് ഇടക്കാല ജാമ്യം. രണ്ട് മാസത്തേക്കാണ് ജാമ്യം ലഭിച്ചത്. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്‍േ്‌റതാണ് വിധി. 2017 മാര്‍ച്ച് മുതല്‍ കൂട്ടബലാല്‍സംഗക്കേസില്‍ മുന്‍ യുപി മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതി ജയിലില്‍ കഴിയുകയായിരുന്നു.

2014ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചിത്രകൂട് സ്വദേശിനിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും സംഘം ഉപദ്രവിച്ചു. നേരത്തെ കേസില്‍ പ്രജാപതിക്ക് ജാമ്യം അനുവദിച്ചത് വന്‍ വിവാദമായിരുന്നു.

നേരത്തെ പ്രജാപതിയ്ക്ക് ജാമ്യം അനുവദിച്ച പോക്‌സോ കോടതി ജഡ്ജിയെ അലഹബാദ് ഹൈക്കോടതി ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോക്‌സോ സ്‌പെഷ്യല്‍ ജഡ്ജ് ഒ.പി. മിശ്രയെ സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം പ്രജാപതിക്ക് അനുവദിച്ച ജാമ്യവും അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

പ്രജാപതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോടതിയെ സമീപച്ചതിനേ തുടര്‍ന്നായിരുന്നു ഈ നടപടി. 2014 ഒക്ടോബറില്‍ ആരംഭിച്ച പീഡനം 2016 ജൂലൈ വരെ തുടര്‍ന്നുവെന്നായിരുന്നു പരാതി.

അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും 2.5 ലക്ഷം രൂപയുടെ മറ്റ് രണ്ട് ബോണ്ടുകളുടെയും അടിസ്ഥാനത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. 2017 മാര്‍ച്ച്‌ മുതല്‍ ജയിലില്‍ കഴിയുകയായിരുന്ന ഗായത്രി ഇതിനകം 41 മാസത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

Anweshanam
www.anweshanam.com