പ്രക്ഷോഭം പതിനാറാം ദിനത്തിലേക്ക്; ട്രെയിന്‍ തടയാന്‍ ഒരുങ്ങി കര്‍ഷകര്‍

കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു.
പ്രക്ഷോഭം പതിനാറാം ദിനത്തിലേക്ക്; ട്രെയിന്‍ തടയാന്‍ ഒരുങ്ങി കര്‍ഷകര്‍

ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നു. ഇന്നുമുതല്‍ ട്രെയിന്‍ തടയല്‍ സമരമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതല്‍ കടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

നാളെ ജയ്പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികളും ബിജെപി ഓഫീസുകളിലേക്ക് മാര്‍ച്ചും നടത്തും. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു. സര്‍ക്കാര്‍ മുന്നോട്ടുവെച്ച എട്ട് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ച് നില്‍ക്കുകയാണ്. ചൂണ്ടിക്കാട്ടിയ 15 പ്രശ്‌നങ്ങളില്‍ 12 എണ്ണവും കേന്ദ്രം ശരിവെക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിന്‍വലിക്കാന്‍ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com