കേന്ദ്ര നിയമം മറികടക്കാൻ പുതിയ നിയമം നിർമിക്കണം; സംസ്ഥാനങ്ങളോട് സോണിയ

സംസ്ഥാനങ്ങൾക്കും ഒരുപോലെ ഇടപെടാവുന്ന വിഷയങ്ങളുടെ പൊതുപട്ടികയിൽപെട്ടതാണ് കാർഷികവ്യാപാരം.
കേന്ദ്ര നിയമം മറികടക്കാൻ പുതിയ നിയമം നിർമിക്കണം; സംസ്ഥാനങ്ങളോട് സോണിയ

ന്യൂ ഡൽഹി: പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾ നിയമമായാൽ അതിനെ മറികടക്കാൻ പുതിയ നിയമം നിർമിക്കുന്നതിനുള്ള സാധ്യത ആരായാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദേശം.

കൃഷി സംസ്ഥാന വിഷയമാണെങ്കിലും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ ഇടപെടാവുന്ന വിഷയങ്ങളുടെ പൊതുപട്ടികയിൽ (കൺകറന്റ് ലിസ്റ്റ്) പെട്ടതാണ് കാർഷികവ്യാപാരം. ഇതിനുസരിച്ചാണ് കേന്ദ്രം നിയമം പാസാക്കിയത്. പൊതുപട്ടികയുടെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ അനുച്ഛേദം 254 (2) ഉപയോഗിച്ച് നിയമം നിർമിക്കുന്ന കാര്യം ആലോചിക്കണമെന്നാണ് പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പുതുച്ചേരി മുഖ്യമന്ത്രിമാരോട് സോണിയ ആവശ്യപ്പെട്ടത്.

കോൺഗ്രസ് മുന്നണിയായി ഭരിക്കുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലും ഇതിനുള്ള സാധ്യത ആരായണമെന്നും സോണിയ നിർദേശിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ കർഷകരോട് കാട്ടിയ കൊടിയ അനീതി ശമിപ്പിക്കാൻ പുതിയ നിയമം കൊണ്ടാവുമെന്ന് സോണിയ മുഖ്യമന്ത്രിമാരോട് പറഞ്ഞു.

മൂന്ന് കാട്ടാള കാർഷിക നിയമങ്ങളെ അസ്വീകാര്യമെന്നുപറഞ്ഞ് തള്ളാനും കുറഞ്ഞ തറവിലയും കാർഷികോത്പന്ന വിപണന സമിതികളും ഇല്ലാതാക്കുന്നത് ഒഴിവാക്കാനും ഇതുവഴി സാധിക്കുമെന്ന് സോണിയ ചൂണ്ടിക്കാട്ടിയതായി ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

ഇങ്ങനെ സംസ്ഥാനങ്ങൾ നിയമം പാസാക്കിയാലും കേന്ദ്രനിയമത്തിന് എതിരായതിനാൽ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നടപ്പാക്കാനാവൂവെന്ന് നിയമ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള സാഹചര്യത്തിൽ ഇതിനുള്ള സാധ്യത തീരെ ഇല്ലെങ്കിലും പുതിയ നിയമം പാസാക്കുന്നത് രാഷ്ട്രീയായുധമായി ഉയർത്താനാണ് കോൺഗ്രസ് നീക്കം.

കാർഷികനിയമങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു.

Related Stories

Anweshanam
www.anweshanam.com