വരവരറാവുവിന്റെ ആരോഗ്യപ്രശ്നങ്ങൾ അറിയിക്കുന്നില്ല; ആരോപണവുമായി കുടുംബം

തലയ്ക്ക് മുറിവേറ്റ വിവരം മാധ്യമവാർത്തകളിൽ നിന്നാണ് അറിഞ്ഞത്.
വരവരറാവുവിന്റെ ആരോഗ്യപ്രശ്നങ്ങൾ അറിയിക്കുന്നില്ല; ആരോപണവുമായി കുടുംബം

ന്യൂ ഡല്‍ഹി: കവിയും എഴുത്തുകാരനുമായ വരവരറാവുവിന്റെ ആരോ​ഗ്യപ്രശ്നങ്ങളെക്കുറിച്ച് അധികൃതർ തുറന്നു പറയുന്നില്ലെന്ന ആരോപണവുമായി കുടുംബാം​ഗങ്ങൾ. ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ സമയത്ത് അദ്ദേഹത്തിന്റെ തലയ്ക്ക് മുറിവേറ്റ വിവരം മാധ്യമവാർത്തകളിൽ നിന്നാണ് അറിയാൻ സാധിച്ചതെന്നും ഇവർ പറയുന്നു. നവി മുംബൈയിലെ തലോജ ജയിലിൽ കഴിയുന്ന വരവരറാവുവിന് കോവിഡ് 19 സ്ഥീരികരിച്ചിരുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഒരാളുടെ ആരോ​ഗ്യത്തെക്കുറിച്ച് കുടുംബവുമായി പങ്കിടാതിരിക്കുന്നത് നിയമവവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്ന് വരവരറാവുവിന്റെ ഭാര്യ ഹേമതലയും മക്കളും പ്രസ്താവനയിൽ പറഞ്ഞു. ജയിലിൽ നിന്ന് ഒന്നിലധികം ആശുപത്രികളിലേക്ക് മാറ്റിയതിന് ശേഷമാണ് കോവിഡ് രോ​ഗബാധയെക്കുറിച്ചുള്ള വിവരം അറിയിച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു.

വരവരറാലുവിന്റെ കുടുംബാം​ഗങ്ങൾ ചില ആവശ്യങ്ങൾ മഹാരാഷ്ട്ര സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നത് വരെ ഇ​ദ്ദേഹത്തൊടൊപ്പം നില്‍ക്കാന്‍ കുടംബാംഗങ്ങളിലാരെയെങ്കിലും അനുവദിക്കുക, ആശുപത്രി, ജയിൽ അധികൃതർ അദ്ദേഹത്തിന്റെ ആരോ​ഗ്യത്തെക്കുറിച്ചും ചികിത്സകളെക്കുറിച്ചും കൃത്യമായ അറിയിപ്പുകൾ നൽകുക, കുറഞ്ഞത് രണ്ട് ദിവസത്തിലൊരിക്കലെങ്കിലും വിവരങ്ങൾ പങ്കിടുക, വരവരറാവുവിന്റെ പ്രായവും ആരോ​​ഗ്യ സ്ഥിതിയും കണക്കിലെടുത്ത് ഇടക്കാല ജാമ്യം അനുവ​ദിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.

2018ലാണ് ഭീമ കോറേ​ഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് വരവരറാവുവിനെ അറസ്റ്റ് ചെയ്തത്. ആദ്യം പൂനെ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com