അതിഥി തൊഴിലാളികളുടെ പലായനത്തിന് കാരണം വ്യാജവാര്‍ത്തകളെന്ന് കേന്ദ്രസര്‍ക്കാര്‍

അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി.
അതിഥി തൊഴിലാളികളുടെ പലായനത്തിന് കാരണം വ്യാജവാര്‍ത്തകളെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന് കാരണമായത് വ്യാജവാര്‍ത്തയെന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണിന്റെ സമയത്ത് ഭക്ഷണം, കുടിവെള്ളം, വസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ പരിഭ്രാന്തരായെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരായിരുന്നു എന്നും ലോക്ക്ഡൗണ്‍ സമയത്ത് ഓരോ പൗരനും ഭക്ഷണം, കുടിവെള്ളം, പാര്‍പ്പിടം, വൈദ്യസഹായം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ദുരന്ത നിവാരണ ഫണ്ട് ഉപയോഗപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നതായും കേന്ദ്ര ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 11, 092 കോടി രൂപ മുന്‍കൂറായി അനുവദിച്ചതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കുടിയേറ്റ തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട് കണക്കുകള്‍ ഒന്നും തന്നെ തങ്ങളുടെ പക്കലില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മാല റോയിയുടെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതികരണം.

Related Stories

Anweshanam
www.anweshanam.com