ഫേസ്ബുക്ക് ഇന്ത്യ മേധാവിയെ പ്രതിരോധത്തിലാക്കി പാര്‍ലമെന്‍ററി ഐടി സമിതി
India

ഫേസ്ബുക്ക് ഇന്ത്യ മേധാവിയെ പ്രതിരോധത്തിലാക്കി പാര്‍ലമെന്‍ററി ഐടി സമിതി

മൂന്നര മണിക്കൂറില്‍ 90 ചോദ്യങ്ങള്‍ ചോദിച്ചു.

News Desk

News Desk

ന്യൂ ഡല്‍ഹി: ഫേസ്ബുക്കിന്റെ ബിജെപി അനുകൂല നിലപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവി അജിത് മോഹന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍
സംഭവുമായി ബന്ധപ്പെട്ട 90 ചോദ്യങ്ങളാണ് ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഫേസ്ബുക്ക് എക്‌സ്‌ക്യൂട്ടീവിനോട് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുതാര്യമായ ഒരു വേദിയാകാന്‍ ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധമാണ് എന്നാണ് അജിത് മോഹന്‍ പ്രതികരിച്ചത്. തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വില്ലെന്നും ഫേസ്ബുക്ക് മേധാവി പറഞ്ഞു. പാര്‍ലമെന്ററി കമ്മിറ്റിയുടെ സമയത്തിന് തങ്ങള്‍ നന്ദി പറയുന്നു. തുറന്നതും സുതാര്യവുമായ ഒരു വേദിയാകാനും ആളുകളെ സ്വതന്ത്രമായി സ്വയംപ്രകടിപ്പിക്കുവാന്‍ അനുവദിക്കാനും ഫേസ്ബുക്ക് പ്രതിജ്ഞാബദ്ധരാണെന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു.

ഫേസ്ബുക്കിനെതിരെയുള്ള ആരോപണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ശശി തരൂര്‍ അധ്യക്ഷനായ ഐടി പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവിയുമായി മൂന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്നും ഫേസ്ബുക്ക് പ്രതിനിധികളുള്‍പ്പെടെ ചര്‍ച്ച പിന്നീട് പുനരാരംഭിക്കാന്‍ ഏകകണ്ഠമായി സമ്മതിച്ചെന്നും ശശി തരൂര്‍ പറഞ്ഞു.

അതേസമയം, ഫേസ് ബുക്കിന്റെ വിശദീകരണത്തില്‍ സമിതി തൃപ്തരല്ലെന്നാണ് സൂചനകള്‍. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബിജെപി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് ഇന്ത്യ മാറ്റുന്നെന്ന് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

Anweshanam
www.anweshanam.com