ഒരു പാര്‍ട്ടിയോടും പ്രത്യേക ചായ്‌വ് കാട്ടിയിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് ഫേസ്ബുക്ക് ഇന്ത്യ മേധാവി
India

ഒരു പാര്‍ട്ടിയോടും പ്രത്യേക ചായ്‌വ് കാട്ടിയിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് ഫേസ്ബുക്ക് ഇന്ത്യ മേധാവി

ഫേസ്ബുക്ക് നിലപാടുകള്‍ നിഷ്പക്ഷമാണെന്നും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും പ്രത്യേക ചായ്‌വ് കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

News Desk

News Desk

ന്യൂഡല്‍ഹി: ഫേസ്ബുക്ക് പ്രതിനിധികള്‍ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം നിഷേധിച്ച്‌ ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവി അജിത് മോഹന്‍. ഫേസ്ബുക്ക് നിലപാടുകള്‍ നിഷ്പക്ഷമാണെന്നും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും പ്രത്യേക ചായ്‌വ് കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍ അദ്ധ്യക്ഷനായ സമിതിക്ക് മുന്നിലാണ് അജിത് മോഹന്‍ ഫേസ്ബുക്ക് നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പി നേതാക്കളുടെ വര്‍ഗ്ഗീയ പ്രചരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന ഗുരുതര ആരോപണത്തെ തുടര്‍ന്ന് ഇന്ത്യയിലെ ഫേസ്ബുക്ക് പ്രതിനിധികള്‍ ഇന്ന് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നു.

ഫേസ്ബുക്ക് ഇന്ത്യയുടെ പോളിസി മേധാവി അംഖി ദാസ് 2014-ൽ എൻഡിഎയുടെ വിജയത്തിന് പിന്നാലെ, ''മോദിയുടെ വിജയത്തിന് നമ്മൾ തിരി കൊളുത്തി, ബാക്കിയുള്ളത് ചരിത്രമായിരുന്നു. മുപ്പത് വർഷം വേണ്ടി വന്നു, ഇന്ത്യയിലെ സ്റ്റേറ്റ് സോഷ്യലിസത്തിന്‍റെ വേര് പിഴുതെറിയാൻ'', എന്ന് ഫേസ്ബുക്കിലെ സ്റ്റാഫിന്‍റെ ആഭ്യന്തരഗ്രൂപ്പിൽ എഴുതിയെന്ന് വാൾ സ്ട്രീറ്റ് ജേണലിന്‍റെ ജെഫ് ഹോർവിറ്റ്‍സും, ന്യൂലി പുർനെലും പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടുകൾ അടക്കം, ഫേസ്ബുക്കിന്‍റെ നിഷ്പക്ഷത ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകളെല്ലാം ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹൻ തള്ളിക്കളഞ്ഞു. ഫേസ്ബുക്കിന്‍റെ നിലപാട് നിഷ്പക്ഷമാണ്. ഒരു രാഷ്ട്രീയപാർട്ടിയോടും ഫേസ്ബുക്ക് ചായ്‍വ് കാണിച്ചിട്ടില്ലെന്നും അജിത് മോഹൻ സമിതിക്ക് മുമ്പാകെ പറഞ്ഞു.

സമിതിക്ക് മുമ്പാകെ കേന്ദ്ര ഐടി മന്ത്രാലയവക്താക്കളോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 30 അംഗങ്ങളാണ് ഈ പാർലമെന്‍ററി പാനലിലെ അംഗങ്ങൾ. ഇതിൽ 15 പേർ ബിജെപി അംഗങ്ങളോ, സഖ്യകക്ഷികളിൽ നിന്നുള്ളവരോ ആണ്. കോൺഗ്രസിന് 3 അംഗങ്ങളാണുള്ളത്. തൃണമൂൽ, ഡിഎംകെ, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികൾക്ക് ഓരോ എംപിമാരും സമിതിയിലുണ്ട്.

Anweshanam
www.anweshanam.com