രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീൽഡ് വാക്സിന് അനുമതി കിട്ടിയേക്കും

വിദഗ്ധസമിതി അനുമതിക്ക് ശുപാർശ നൽകുമെന്ന് റിപ്പോര്‍ട്ട്.
രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീൽഡ് വാക്സിന് അനുമതി കിട്ടിയേക്കും

ന്യൂ ഡല്‍ഹി: പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ 'കൊവിഷീൽഡ്' വാക്സിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി അനുമതിക്ക് ശുപാർശ നൽകുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അങ്ങനെയെങ്കില്‍ കോവിഡിനെ നേരിടാൻ രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവിഷീൽഡ് വാക്സിന് അനുമതി കിട്ടിയേക്കും. വാക്സിൻ വിതരണത്തിനായുള്ള റിഹേഴ്സലായ ഡ്രൈറൺ നാളെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടക്കാനിരിക്കെയാണ് വിദഗ്ധസമിതി യോഗം ചേരുന്നത്.

എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഓക്‌സ്‌ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്നു വികസിപ്പിച്ച് ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഡ് 19 വാക്‌സിനാണ് കൊവിഷീൽഡ്. പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഡ്രഗ്‌സ് കൺട്രോൾ ജനറൽ അന്തിമ അനുമതി നൽകുന്നതോടെ രാജ്യത്ത് കൊവിഷീൽഡ് നൽകിത്തുടങ്ങും.

അര്‍ജന്റീനയും ബ്രിട്ടനും കൊവിഷീല്‍ഡിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നേരത്തെ നല്‍കിയിരുന്നു. നിലവില്‍ രാജ്യത്ത് കൊവിഷീല്‍ഡ് വാക്‌സിന്റെ അഞ്ച് കോടി ഡോസുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനും വിദേശസ്വകാര്യകമ്പനിയായ ഫൈസറിന്‍റെ വാക്സിനും അനുമതി വിദഗ്ധസമിതി പരിഗണിക്കുന്നുണ്ട്. ഈ മൂന്ന് കമ്പനികളോടും മരുന്ന് പരീക്ഷണത്തിന്‍റെ വിവിധഘട്ടങ്ങളിൽ ലഭിച്ച ഫലങ്ങളുടെ റിപ്പോർട്ട് ഹാജരാക്കാൻ വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നു.

വിദഗ്ധ ശുപാർശയിൽ രാജ്യത്തെ ഡ്രഗ്സ് കൺട്രോളർ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ജൂണിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും വലിയ കുറവ് ഡിസംബറിൽ രേഖപ്പെടുത്തിയെന്ന കണക്കുകൾ ആശ്വാസമാകുമ്പോഴാണ് വാക്സിൻ ഉടൻ വരുമെന്ന വാർത്തയും രാജ്യത്തിന് പ്രതീക്ഷയേകുന്നത്.

നാളെ നടക്കുന്ന ഡ്രൈ റണ്ണിന്‍റെ ഭാഗമായി രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലും മൂന്നിടങ്ങളിലായി ഇരുപത്തിയ‍ഞ്ച് പേരിലാണ് വാക്സിൻ ട്രയൽ നടക്കുക. മരുന്ന് കുത്തിവെയ്ക്കുന്നതിനായി 83 കോടി സിറിഞ്ചുകൾക്ക് കേന്ദ്രം ഓർഡർ നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2021 പ്രതീക്ഷയുടെ വർഷമാകുമെന്നും എല്ലാവരിലേക്കും വാക്സിനേഷൻ എത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയതും നല്ല സൂചനയാവുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com