
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ- ചൈന സംഘര്‍ഷം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗ്. തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് നയതന്ത്രത്തിനും നിര്‍ണായക നേതൃത്വത്തിനും പകരമാവില്ലെന്ന് മന്മോഹന് സിംഗ് പറഞ്ഞു.
ജീവത്യാഗം ചെയ്ത സൈനികരോട് നീതി പുലര്‍ത്തണം. തെറ്റായ വിവരങ്ങള്‍ പുറത്തുവിടരുത്. 20 ധീര സൈനികര്‍ രാജ്യത്തിനായി അവരുടെ അവസാന ശ്വാസംവരെ പോരാടി. അവരുടെ ത്യാഗം വെറുതെയാകാന്‍ പാടില്ലെന്നും മന്മോഹന് സിംഗ് പറഞ്ഞു.
ചൈന ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ ഒരു രാജ്യമെന്ന നിലയില്‍ നാം ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും മന്മോഹന് സിംഗ് വ്യക്തമാക്കി. ചരിത്രപരമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സര്‍ക്കാരിന്റെ തീരുമാനങ്ങളും പ്രവര്‍ത്തനവും ഗൗരവമുള്ളതായിരിക്കും. ഇപ്പോള്‍ സര്‍ക്കാര്‍ എടുക്കുന്ന ഏതു തീരുമാനവും വരുന്ന തലമുറ വിലയിരുത്തും.
പവിത്രമായ ഒരു കടമയാണ് രാജ്യം ഭരിക്കുന്ന നേതൃത്വത്തിന് നിര്‍വഹിക്കാനുള്ളത്. ജനാധിപത്യത്തില്‍ ഈ പരമമായ ഉത്തരവാദിത്തം ഉള്ളത് പ്രധാനമന്ത്രിക്കാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി തന്റെ വാക്കുകളും പ്രഖ്യാപനങ്ങളും രാജ്യത്തിന്റെ സുരക്ഷക്കും അഖണ്ഡതക്കും തന്ത്രപരമായ താത് പര്യങ്ങള്ക്കും എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നത് മനസ്സില്വെച്ചുകൊണ്ടുമാത്രമെ സംസാരിക്കാന്‍ പാടുള്ളൂവെന്നും മന്മോഹന് സിംഗ് കൂട്ടിച്ചേര്‍ത്തു
അതിര്‍ത്തിയില്‍ ചൈന നിരവധി കടന്നുകയറ്റങ്ങള്‍ നടത്തി. പ്രധാനമന്ത്രി തന്റെ വാക്കുകളിലൂടെ ചൈനക്ക് സ്വയം ന്യായീകരിക്കാനുള്ള അവസരം നല്‍കരുത്. ആശ്വാസകരമായ കള്ളങ്ങള്‍ പറഞ്ഞ് സത്യത്തെ ഇല്ലാതാക്കാനാകില്ലെന്നും മന്മോഹന് സിംഗ് കൂട്ടിച്ചേര്‍ത്തു.