ബംഗളൂരു ലഹരിമരുന്ന് കേസ്; ഇഡിയും അന്വേഷിക്കും
India

ബംഗളൂരു ലഹരിമരുന്ന് കേസ്; ഇഡിയും അന്വേഷിക്കും

കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എന്‍സിബി.

News Desk

News Desk

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റും അന്വേഷിക്കും. കേസിലെ പ്രതികളായ സിനിമാ മേഖലയിലുള്ളവരുടെയും വ്യവസായികളുടെയും കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് കേസടുക്കാനുള്ള ബംഗളൂരു ഇഡിയുടെ തീരുമാനം.

അതേസമയം കേസിലെ പ്രതികൾ കേരളത്തില്‍നിന്നും ലഹരിവസ്തുക്കൾ കടത്തിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എന്‍സിബി. ദക്ഷിണേന്ത്യയിലെ മുന്‍നിര നടിമാരെ കൂടാതെ വ്യവസായികളും സിനിമാ നിർമാതാക്കളും ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പ്രതികളാണ്.

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. കേസിലെ പ്രതികളില്‍ ചിലർ കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചെന്നാണ് ഇഡിയുടെ പരിശോധനയില്‍ വ്യക്തമായത്. ഈ സാഹചര്യത്തില്‍ ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം.

ഉടന്‍ എഫ്ഐആർ രജിസ്റ്റ‍ർ ചെയ്യും. പ്രതികളെയും പ്രതികളുമായി സംശയകരമായ സാമ്പത്തിക ഇടപാടുകൾ നടത്തിയവരെയും ചോദ്യം ചെയ്യും. ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കും കടക്കും.

Anweshanam
www.anweshanam.com