കോവിഡ് രോഗിയെ യാത്ര ചെയ്യാനനുവദിച്ചു; വന്ദേഭാരത് മിഷനിലെ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക്

സെപ്തംബര്‍ 18 മുതല്‍ 15 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
കോവിഡ് രോഗിയെ യാത്ര ചെയ്യാനനുവദിച്ചു; വന്ദേഭാരത് മിഷനിലെ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക്

ദുബായ്: വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. കോവിഡ് രോഗിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി.

സെപ്തംബര്‍ 18 മുതല്‍ 15 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ട് തവണ സമാനമായ തെറ്റ് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടി. വിലക്കിനെ തുടര്‍ന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് മാറ്റി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ച വ്യക്തികളെ രണ്ട് തവണ സുരക്ഷാ നിബന്ധനകള്‍ ലംഘിച്ച് ദുബായില്‍ എത്തിച്ചുവെന്ന് കാണിച്ചാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ് നോട്ടീസ് അയച്ചത്. അതിനാല്‍ രോഗികളുടെയും മറ്റ് യാത്രക്കാരുടെയും ചികിത്സാ ചെലവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനി വഹിക്കണമെന്ന് ദുബായ് അധികൃതര്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.

സെപ്തംബര്‍ രണ്ടിന് ജയ്പൂരില്‍ നിന്നുള്ള വിമാനത്തില്‍ ദുബായിലേക്കെത്തിയ ആള്‍ക്കാണ് കോവിഡ് ഉണ്ടായിരുന്നതായി കണ്ടെത്തിയതെന്നും ഏവിയേഷന്‍ അയച്ച നോട്ടീസില്‍ പറയുന്നുണ്ട്.

രോഗിയുടെ പേര്, സീറ്റ് നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവയുള്‍പ്പെടെ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും സമാനമായ സംഭവം ഉണ്ടായിരുന്നതിനാല്‍ എയര്‍ ഇന്ത്യക്ക് ദുബായ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒക്ടോബര്‍ രണ്ട് വരെ ദുബായിലേക്കും ദുബായില്‍ നിന്ന് പുറത്തേക്കും ഉള്ള സര്‍വീസുകളാണ് റദ്ദു ചെയ്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com