24 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്
India

24 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്

മാര്‍ച്ച്‌ 24 നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ ലോക്ക് ഡൗണ്‍ കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

By Thasneem

Published on :

ന്യൂഡല്‍ഹി: 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും വോട്ടെണ്ണലും ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഇതില്‍ കര്‍ണാടകയിലെ 4 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 18 സീറ്റുകളിലേക്ക് രാവിലെ 9 മുതല്‍ 4 വരെയാണ് പോളിങ്. മാര്‍ച്ച്‌ 24 നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ ലോക്ക് ഡൗണ്‍ കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും സീറ്റും

ആന്ധ്രാപ്രദേശ്- 4

ഗുജറാത്ത്- 4

മധ്യപ്രദേശ്- 3

രാജസ്ഥാന്‍- 3

ജാര്‍ഖണ്ഡ്- 2

മണിപ്പൂര്‍- 1

മേഘാലയ- 1

മിസോറം- 1

എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്: കര്‍ണാടക- 4, അരുണാചല്‍- 1

തെരഞ്ഞെടുപ്പ് നടക്കുന്ന ഈ സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച്‌ പകുതിയോളം സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമുള്ളതാണ്. 245 അംഗസഭയില്‍ ഭൂരിപക്ഷത്തിനുവേണ്ടത് 123 സീറ്റാണ്. രാജ്യസഭയില്‍ നിലവില്‍ എന്‍ഡിഎയ്ക്ക് 90 അംഗങ്ങളുണ്ട്. ഗുജറാത്ത് (4), രാജസ്ഥാന്‍ (3), മധ്യപ്രദേശ് (3), ജാര്‍ഖണ്ഡ് (2) എന്നിവിടങ്ങളിലാണ് ബിജെപി- കോണ്‍ഗ്രസ് പോരാട്ടം ഉണ്ടാവുക.

കോൺഗ്രസ് എംഎൽഎമാരെ ബിജെപി കുതിരക്കച്ചവടത്തിലൂടെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്ന ഗുജറാത്തിലാണ് ശക്തമായ പോരാട്ടം നടക്കാൻ സാധ്യത. കുതിരക്കച്ചവടം ആരോപിക്കപ്പെട്ട മറ്റൊരു സംസ്ഥാനമായ രാജസ്ഥാനിലും സ്ഥിതി സമാനമാണ്. ഇരു സംസ്ഥാനത്തെയും എംഎല്‍എമാരെ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ഗുജറാത്തില്‍ ബിജെപിയുടെ അഭയ് ഭരദ്വാജ്, റാമില ബാര, കോണ്‍ഗ്രസിന്റെ ശക്തിസിങ് ഗോഹില്‍ എന്നിവര്‍ വിജയം ഉറപ്പാക്കി. രണ്ടാമത്തെ സ്ഥാനാര്‍ഥി ഭരത് സിങ് സോളങ്കിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് 4 വോട്ട് കൂടി വേണമെന്നിരിക്കെ, തങ്ങളുടെ മൂന്നാം സ്ഥാനാര്‍ഥി നര്‍ഹരി അമീന്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണു ബിജെപി.

രാജസ്ഥാനില്‍ കോൺഗ്രസ് പക്ഷത്തു നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ദലിത് നേതാവ് നീരജ് ഡാങ്കിയും രാജ്യസഭാ സീറ്റിലേക്ക് മത്സരത്തിനുണ്ട്. ബിജെപി രാജേന്ദ്ര ഗെലോട്ടിനെയും ഓംകാര്‍ സിങ് ലെഖാവത്തിനെയുമാണ് രംഗത്ത് ഇറക്കിയിട്ടുള്ളത്. ജയ്പൂരിലെ റിസോര്‍ട്ടുകളിലാണ് എംഎല്‍എമാരെ ഇരു പാർട്ടിക്കലും പാര്‍പ്പിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് (മധ്യപ്രദേശ്), ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ (മധ്യപ്രദേശ്), ജെഎംഎം നേതാവ് ഷിബു സോറന്‍ (ജാര്‍ഖണ്ഡ്) എന്നിവരാണ് മല്‍സരരംഗത്തുള്ള മറ്റു പ്രമുഖര്‍. മുന്‍പ്രധാനമന്ത്രി എച്ച്‌ ഡി ദേവെഗൗഡ കര്‍ണാടകയില്‍നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

Anweshanam
www.anweshanam.com