സ്ത്രീവിരുദ്ധ പരാമര്‍ശം; കമല്‍നാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൊതു മധ്യത്തില്‍ മേലില്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തരുത്.
സ്ത്രീവിരുദ്ധ പരാമര്‍ശം; കമല്‍നാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭോപാല്‍: ബിജെപി നേതാവിന് നേരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിന് താക്കീത് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൊതു മധ്യത്തില്‍ മേലില്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയെ കമല്‍നാഥ് ഐറ്റം എന്ന് വിശേഷിപ്പിച്ചത്. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കമല്‍നാഥില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ നിര്‍ദേശം.

‘മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് പൊതു വേദിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനോട് നിര്‍ദേശിക്കുകയാണ്,’ കമ്മീഷന്‍ പറഞ്ഞു. കമല്‍നാഥ് നടത്തിയ ഐറ്റം പരാമര്‍ശം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

തനിക്കും തന്റെ പാര്‍ട്ടിക്ക് വേണ്ടിയും സ്ത്രീകളുടെ ബഹുമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നത് പരമപ്രധാനമാണെന്ന് കമല്‍ നാഥ് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയായി പറഞ്ഞു. ഒരു സ്ത്രീയെയോ സ്ത്രീത്വത്തെയോ അനാദരിക്കാനുള്ള ഉദ്ദേശത്തോടെയല്ല പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് കമല്‍നാഥ് രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു എന്നാണ് കമല്‍നാഥ് അറിയിച്ചിരിക്കുന്നത്.

ദാബ്രയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കമല്‍നാഥിന്റെ വിവാദ പരാമര്‍ശം. പ്രദേശത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇമാര്‍തി ദേവിയെയാണ് അദ്ദേഹം ‘ഐറ്റം’ എന്ന് സംബോധന ചെയ്തത്. ‘ഞാനെന്തിന് അവരുടെ പേര് പറയണം? നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അവരെ നന്നായി അറിയാമല്ലോ. എന്തൊരു ഐറ്റമാണ് അത്’- എന്നായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com