ബെംഗളുരു മയക്കുമരുന്ന് കേസ്: നടി രാഗിണി ദ്വിവേദിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
India

ബെംഗളുരു മയക്കുമരുന്ന് കേസ്: നടി രാഗിണി ദ്വിവേദിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ഏറെ വിവാദമായ കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്

News Desk

News Desk

ബെംഗളുരു: മയക്കു മരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിദ്വിവേദിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. രാവിലെ മുതൽ നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഏറെ വിവാദമായ കേസിൽ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്- ദി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.

മയക്കുമരുന്ന് കടത്ത് സംഘവുമായി രാഗിണിക്ക് ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് സെൻട്രൽ ക്രൈംബ്രാ‌ഞ്ച് നടിയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തിങ്കളാഴ്ച ഹാജരാകാമെന്നായിരുന്നു നടിയുടെ മറുപടി. തുടർന്നാണ് സെർച്ച് വാറണ്ടുമായി ഇന്ന് പുലർച്ചെ ആറരയോടെ ഉദ്യോഗസ്ഥർ നടിയുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. വീട്ടില്‍ പരിശോധന നടത്തിയശേഷം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച നടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സിസിബി ആസ്ഥാനത്ത് രാവിലെ പതിനൊന്നരയോടെ എത്തിച്ച ഇവരെ എട്ടുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാള്‍ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതില്‍ രാഗിണിയും പങ്കെടുത്തിട്ടുണ്ട്.

രവിശങ്കര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഇവര്‍ക്ക് അറിവുണ്ടായിരുന്നു. കന്നഡ സിനിമാമേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്ന വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സിസിബി പറഞ്ഞു. രാഗിണിക്ക് മയക്കു മരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ട്. യെലഹങ്കയിലെ വീട്ടില്‍ പാര്‍ട്ടികളിലടക്കം മയക്കു മരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തി.

ഇവരുടെ കൈയില്‍ നിന്ന് നാലു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണത്തിലെ വാട്‌സാപ്പ് ചാറ്റുകള്‍ നീക്കം ചെയ്ത നിലയിലാണ്. ഇത് വീണ്ടെുക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

നഗരത്തിലെ മറ്റൊരു വ്യവസായിയായ രാഹുൽ ഷെട്ടിയെയെയും അറസ്റ്റ് ചെയ്തതായി കമ്മീഷണർ അറിയിച്ചു. കേസില്‍ സിനിമാ സംഗീത മേഖലയിലെ കൂടുതല്‍ പ്രമുഖരെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Anweshanam
www.anweshanam.com