ഫെയര്‍ ആന്‍ഡ് ലൗവ്ലിയിലെ 'ഫെയര്‍' പോയാല്‍ മാറുമോ നിറത്തിന്‍റെ രാഷ്ട്രീയം
India

ഫെയര്‍ ആന്‍ഡ് ലൗവ്ലിയിലെ 'ഫെയര്‍' പോയാല്‍ മാറുമോ നിറത്തിന്‍റെ രാഷ്ട്രീയം

കറുപ്പ് മനോഹരമാണെന്നത് പരസ്യവാചകമാകുന്നിടത്ത് അവസാനിക്കുന്നതാണോ നിറം, വംശം എന്നിവ സംബന്ധിച്ച ഇസങ്ങള്‍? 

By Harishma Vatakkinakath

Published on :

വംശീയ അസമത്വത്തെക്കുറിച്ചും, സൗന്ദര്യ നിലവാരത്തെക്കുറിച്ചും ആഗോളതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അതിന്‍റെ മുന്‍നിര ബ്രാന്‍ഡായ ഫെയര്‍ ആന്‍ഡ് ലൗവ്ലിയില്‍ നിന്ന് ഫെയര്‍ എന്ന വാക്ക് നീക്കം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ജോണ്‍സണ്‍ ആന്‍‍ഡ് ജോണ്‍സണ്‍ ഇന്ത്യയിലെ രണ്ട് ഫെയര്‍നസ് ക്രീമുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ പുതിയ തീരുമാനം. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ മൂവ്മെന്‍റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ജോണ്‍സണ്‍ ആന്‍‍ഡ് ജോണ്‍സണിന്‍റെ നിര്‍ണ്ണായക നീക്കം.

ഇത്രയും കാലം സൗന്ദര്യം സംബന്ധിച്ച ഒരു പൊതു ബോധം സൃഷ്ടിച്ച്, മാര്‍ക്കറ്റ് കീഴടക്കിയ ഫെയര്‍ ആന്‍ഡ് ലൗവ്ലി പോലുള്ള ഉല്‍പ്പന്നങ്ങള്‍ കേവലം പേരുമാറ്റി പുതിയ രൂപത്തില്‍ വന്നതുകൊണ്ടു മാത്രം സമൂഹത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ? ഫെയര്‍ ഇല്ലാതെ വെറും ലൗവ്ലി മാത്രമായാലും അതിന്‍റെ ആത്യന്തികമായ ലക്ഷ്യം സൗന്ദര്യ സംരക്ഷണം തന്നെയല്ലേ? കറുപ്പ് മനോഹരമാണെന്നത് പരസ്യവാചകമാകുന്നിടത്ത് അവസാനിക്കുന്നതാണോ നിറം, വംശം എന്നിവ സംബന്ധിച്ച ഇസങ്ങള്‍?

ഇന്ത്യയില്‍ ഫെയര്‍നസ് പ്രൊഡക്ടുകളുടെ പരസ്യത്തില്‍ അഭിനയിച്ചിട്ട്, യുഎസിലെ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, സോനം കപൂര്‍, ദിഷ പട്ടാണി തുടങ്ങിയവരെ സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിച്ചതാണ്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ പരസ്യ ചിത്രങ്ങളിലെത്തുന്ന ഇവരാണ് പൊതുവെയുള്ള സൗന്ദര്യ ബോധത്തിന്‍റെ അളവുകോലായി മാറുന്നത്. കറുപ്പ് നല്ലതെന്ന് പറയുന്നവര്‍ വെളുക്കാന്‍ ക്രീമുകള്‍ വാരിപ്പൂശുന്നത് വിരോധാഭാസമല്ലാതെ പിന്നെന്താണ്.

വിജയം, പ്രശസ്തി, സ്നേഹം എന്നിവ വേണോ? എങ്കില്‍ ഫെയര്‍ ആന്‍ഡ് ലൗവ്ലി പുരട്ടുക. എന്നതാണ് വര്‍ഷാ വര്‍ഷങ്ങളായി ഈ ഉല്‍പ്പന്നം പ്രചരിപ്പിക്കുന്ന ആശയം. മങ്ങിയ നിറമുള്ളപ്പോള്‍ അസാധ്യമായ പലതും ഫെയര്‍ സ്കിന്നിലൂടെ നേടിയെടുക്കാമെന്ന് അടിച്ചേല്‍പ്പിക്കുന്ന പരസ്യങ്ങള്‍ കണ്ട് പ്രശസ്തി ആഗ്രഹിക്കുന്നവരെല്ലാം അതിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യാതെ ഫെയര്‍ ആന്‍ഡ് ലൗവ്ലിക്ക് വേണ്ടി കടകളില്‍ ക്യൂ നിന്നു. സ്വന്തം കഴിവുകളെ സാമാന്യവല്‍ക്കരിച്ചുകൊണ്ടാണ് നിങ്ങള്‍ ആ നിരയില്‍ ഇടം പിടിച്ചതെന്നോര്‍ക്കുക.

ഐശ്വര്യ റായ് ബച്ചൻ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, കരീന കപൂർ, യാമി ഗൗതം തുടങ്ങി മുന്‍നിര നായികമാരെല്ലാം, വെളുത്ത ചര്‍മ്മം കൂടുതൽ സ്വീകാര്യതയ്ക്കും വിജയത്തിനും തുല്യമാണെന്ന ധാരണ വില്‍ക്കാന്‍ കൂട്ടു നിന്നവരാണ്. ഒടുക്കം പുരുഷ മാര്‍ക്കറ്റിനെ കീഴടക്കാന്‍ മെയില്‍ വേര്‍ഷനായ, ഇമാമിയുടെ ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്സവുമായി സാക്ഷാല്‍ ഷാരൂഖ് ഖാനും എത്തി

ഫെയര്‍ ആന്‍ഡ് ലൗവ്ലി, എച്ച് യു എല്ലിന്‍റെ മുന്‍നിര സ്കിന്‍ കെയര്‍ ഉല്‍പ്പന്നമായി മാറിയത് വാര്‍ഷിക വില്‍പ്പനയില്‍ 560 ദശലക്ഷം ഡോളര്‍ വരുമാനം നേടിക്കൊണ്ടായിരുന്നു. ഇന്ത്യയിലെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണിയില്‍ 50 മുതല്‍ 70 ശതമാനം വിഹിതവും ഫെയര്‍ ആന്‍ഡ് ലൗവ്ലിക്ക് സ്വന്തം. കറുത്ത തൊലിയുള്ള പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അരക്ഷിതാവസ്ഥ മുതലെടുത്തു കൊണ്ടു നേടിയ ഈ നേട്ടമാണ് റേസിസം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ കമ്പനി വേണ്ടെന്നുവെക്കുന്നത്.

കാണികളെ ആകര്‍ഷിക്കാന്‍ മോഹന വാദ്ഗാനങ്ങള്‍ നല്‍കിയ പല ഫെയര്‍നെസ് ക്രീം കമ്പനികള്‍ക്കെതിരെയും രാജ്യത്ത് വിവിധയിടങ്ങളിലായി കേസുകള്‍ രജിസ്റ്റ‍ര്‍ ചെയ്തിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന ക്ലെയിമുകൾ നടത്തിയതിന് 2015 ൽ ഇമാമിയുടെ ‘ഫെയർ & ഹാൻഡ്‌സം’ ക്രീമിനെതിരെ ഉപഭോക്തൃ കോടതി പിഴ ചുമത്തിയിരുന്നു. ദോഷകരമായ ചില സ്റ്റിറോയിഡുകൾ ഉൽപാദനത്തിൽ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് 2018 ൽ ഇത്തരം 14 ഉൽപ്പന്നങ്ങള്‍ സർക്കാർ നിരോധിച്ചതാണ്. പരസ്യങ്ങളിലൂടെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് വർഷത്തെ വിലക്കും ജയിൽ ശിക്ഷയും നിർദ്ദേശിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ വര്‍ഷം ഫെബ്രുവരിയില്‍ ഒരു ഉത്തരവിറക്കുകയും ചെയ്തിരുന്നു.

ഇത്തരം നിയമ പോരാട്ടങ്ങള്‍ തുടരുമ്പോള്‍ 'ഫെയര്‍നെസ് ക്രീം' എന്ന പേരു മാറ്റി 'സ്കിന്‍ ബ്രൈറ്റനിങ്' ക്രീമെന്നോ, 'സ്പോട്ട് റെഡ്യൂസിങ്' ക്രീമെന്നോ നാമദേയം ചെയ്ത് പഴയ ഗുണം ചെയ്യുന്ന പുതിയ പ്രൊഡക്ടുകള്‍ വിപണിയില്‍ ഇനിയുമിറങ്ങും. റേസിസം പ്രചരിപ്പിക്കുന്നില്ലെന്ന് കമ്പനി പറഞ്ഞാലും, വെളുക്കുമെന്ന പ്രതീക്ഷയില്‍ ക്യൂ നില്‍ക്കാന്‍ ആളുകളുമുണ്ടാകും.

Anweshanam
www.anweshanam.com