കോവിഡ് വാക്‌സിന്‌ മാറ്റിവെക്കാൻ 80,000 കോടി രൂപയുണ്ടാകുമോ​? കേന്ദ്രസര്‍ക്കാരിനോട് സെറം സിഇഒ

കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് സെറം
കോവിഡ് വാക്‌സിന്‌ മാറ്റിവെക്കാൻ 80,000 കോടി രൂപയുണ്ടാകുമോ​? കേന്ദ്രസര്‍ക്കാരിനോട് സെറം സിഇഒ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്ത വര്‍ഷം സര്‍ക്കാര്‍ 80000 കോടി ചെലവിടേണ്ടി വരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അദാര്‍ പൂനവാല.

''അടുത്ത ഒരു വര്‍ഷത്തേക്ക്​​ 80,000 കോടി രൂപ ചെലവഴിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ പക്കല്‍ പണം ഉണ്ടാവുമോ?. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും​ കോവിഡ്​ വാക്​സിന്‍ എത്തിക്കാനായി ആരോഗ്യ മന്ത്രാലയത്തിന്​ അതാണ് വേണ്ടത്​​. നമ്മള്‍ നേരിടുന്ന വെല്ലുവിളിയും അതാണ്​''- അദാര്‍ പൂനാവാല ട്വിറ്ററില്‍ കുറിച്ചു.

എന്തുകൊണ്ടാണ് ഈ ചോദ്യം താന്‍ ചോദിച്ചതെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി രാജ്യത്തിന് പുറത്തും രാജ്യത്തിനകത്തും സേവനം ചെയ്യുന്ന വാക്‌സിന്‍ നിര്‍മാതാക്കളെ സംഭരണം, വിതരണം എന്നിവ സംബന്ധിച്ച് നാം വഴികാട്ടേണ്ടതുണ്ടെന്നും കൃത്യമായ രൂപരേഖ ഉണ്ടാക്കേണ്ടതുണ്ടെന്നും പൂനവാല പറയുന്നു.

കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച് സര്‍ക്കാറിനും നിര്‍മ്മാതാക്കള്‍ക്കും കൃത്യമായ ധാരണവേണമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ ലഭ്യമായാല്‍ ഏകദേശം 1000 രൂപ ചെലവ് വരും. ഒരുമാസം മൂന്ന് കോടി പേര്‍ക്ക് എന്ന രീതിയില്‍ വാക്‌സിന്‍ നല്‍കിയാല്‍ തന്നെ രാജ്യം മുഴുവന്‍ പൂര്‍ത്തിയാകണമെങ്കില്‍ രണ്ട് വര്‍ഷമെടുക്കും. വാക്‌സിന്‍ സംഭരണത്തിനും വിതരണം വെല്ലുവിളികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ലഭ്യമായാല്‍ എല്ലാവരിലേക്കും എത്തിക്കാന്‍ സര്‍ക്കാറിന്റെ പക്കല്‍ പദ്ധതിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് സെറം. 100 കോടി ഡോസ് നിര്‍മ്മാണമാണ് ലക്ഷ്യം. നൊവാവാക്‌സ് നിര്‍മിക്കുന്ന വാക്‌സിന്‍ 100 കോടി ഡോസ് കൂടി ഉല്‍പാദിപ്പിക്കാമെന്ന് കരാറിലെത്തിയിട്ടുണ്ട്. അടുത്ത മാസം മൂന്നാം ഘട്ട പരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സെറം സ്വന്തമായി നിര്‍മിക്കുന്ന വാക്‌സിനും ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. സെറത്തിന് പുറമെ, സൈഡസ് കാഡിലയും ഭാരത് ബയോടെക് ഇന്റര്‍നാഷണലും വാക്‌സിന്‍ പരീക്ഷണത്തിലാണ്.

Related Stories

Anweshanam
www.anweshanam.com