ഡല്‍ഹി കലാപം; പ്രതികള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പണം കൈപ്പറ്റിയതായി പോലീസ് 

കലാപത്തിനോ, സിഎഎ പ്രക്ഷോഭങ്ങള്‍ക്കോ വേണ്ടി ഈ പണം വിനിയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കും.
ഡല്‍ഹി കലാപം; പ്രതികള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പണം കൈപ്പറ്റിയതായി പോലീസ് 

ന്യൂ ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ അറസ്റ്റിലായവര്‍ ജനുവരി മാസത്തില്‍ ഒമാന്‍, യുകെ എന്നിവിടങ്ങളില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. കലാപത്തിനോ, സിഎഎ പ്രക്ഷോഭങ്ങള്‍ക്കോ വേണ്ടി ഈ പണം വിനിയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മീറന്‍ ഹൈദറിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ നിന്നാണ് പണം കൈപ്പറ്റിയതായുള്ള വിവരങ്ങള്‍ ലഭിച്ചത്. ഫെബ്രുവരിയില്‍ നടന്ന കലാപത്തിന് മുന്നോടിയായി അഞ്ച് ലക്ഷം രൂപ ഇദ്ദേഹത്തിന്‍റെ അക്കൗണ്ടില്‍ വന്നു ചേര്‍ന്നതായും, രണ്ടരലക്ഷം വീട്ടില്‍ നിന്ന് കണ്ടെടുത്തതായുമാണ് പോലീസ് വ്യക്തമാക്കുന്നത്. ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ മീറന്‍ ഹൈദര്‍, കഴിഞ്ഞ ഏപ്രിലിലാണ് യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലാകുന്നത്.

ഡയറിയിലെ കൈയ്യക്ഷരം പരിശോധിക്കുന്നതിനായി, എഫ്എസ്എല്‍ ലാബുമായി ബന്ധപ്പെട്ടിരിക്കുകയാണ് ഡല്‍ഹി പോലീസ്. കലാപത്തിനു പിന്നാലെ അറസ്റ്റിലായ ഖാലിദ് സെയ്ഫി, ഇസ്ലാമിക മത പ്രചാരകനായ സക്കീര്‍ നായിക്കിനെ മലേഷ്യയില്‍ വച്ച് കണ്ടുമുട്ടിയതായി പോലീസ് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കലാപത്തിനു മുന്നോടിയായി പണം കൈമാറ്റം ചെയ്തിരിക്കുന്നത് സൗദി അറേബ്യയില്‍ നിന്നും, സിംഗപ്പൂരില്‍ നിന്നുള്ള ഒരു എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്നുമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തല്‍. കള്ളപ്പണം വെളുപ്പിച്ചെന്നും, കലാപത്തിന് വേണ്ട ധനസഹായം നല്‍കിയെന്നും ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ദേശീയ നേതൃത്വത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ കേസെടുത്തിരുന്നു. ഈ വഴിക്കും അന്വേഷണം പുരോഗമിക്കുകയാണെന്ന് ‍ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com