ഡല്‍ഹി കലാപം: 15 പേര്‍ക്കെതിരെ 17,500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചു
India

ഡല്‍ഹി കലാപം: 15 പേര്‍ക്കെതിരെ 17,500 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചു

യു.എ.പി.എ നിയമവും ആയുധ നിയമവും ഉള്‍പ്പെടെ ചുമത്തിയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്

News Desk

News Desk

ന്യൂഡല്‍ഹി : ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 17,000 പേജുള്ള കുറ്റപ്പത്രം പൊലീസ് സമര്‍പ്പിച്ചു. 15 പ്രതികളുടെ പേരുകളാണ്​ കുറ്റപത്രത്തിലുള്ളത്​. യു.എ.പി.എ നിയമവും ആയുധ നിയമവും ഉള്‍പ്പെടെ ചുമത്തിയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്. 53 പേരുടെ മരണത്തിനും നൂറു കണക്കിനാളുകൾക്ക്​ പരിക്കേൽക്കുന്നതിനും ഇടയാക്കിയ കലാപം ആസൂത്രണം ചെയ്​തുവെന്ന കുറ്റമാണ്​ പ്രതികൾക്കു മേൽ ചുമത്തിയിട്ടുള്ളത്- ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്​.

അതെസമയം കേസുമായി ബന്ധപ്പെട്ട്​ ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത ഉമർ ഖാലിദ്​, ഷർജിൽ ഇമാം എന്നിവരുടെ പേരുകൾ ഇപ്പോൾ സമർപ്പിച്ച കുറ്റപത്രത്തിലില്ല. എന്നാല്‍ അവരുടെ പേരുകള്‍ അനുബന്ധ കുറ്റപ്പത്രത്തില്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞ ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപത്തിലേക്ക് വഴിവച്ചത്. 53 പേര്‍ കലാപത്തനിടെ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്കാണ് വീടുകള്‍ നഷട്മായത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് കലാപത്തില്‍ നശിപ്പിക്കപ്പെട്ടത്. ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ വിവാദ പ്രസംഗത്തിന് ശേഷമാണ് വംശീയ ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത്.

25 വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഗൂഡാലോചന നടത്തിയവര്‍ കലാപത്തിന്റെ ആസൂത്രണങ്ങള്‍ നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഫെബ്രുവരി 24 മുതലുള്ള വാട്സ്‌ആപ്പ് ചാറ്റുകളും പൊലീസ് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കൂടാതെ സാങ്കേതിക തെളിവുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും കുറ്റപത്രത്തിനൊപ്പം പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.

Anweshanam
www.anweshanam.com