ഡൽഹി കലാപം: കപില്‍ മിശ്രക്കെതിരെ സാക്ഷിമൊഴി; കുറ്റപത്രത്തില്‍ മിശ്രയുടെ പേര് ഒഴിവാക്കി പൊലീസ്
India

ഡൽഹി കലാപം: കപില്‍ മിശ്രക്കെതിരെ സാക്ഷിമൊഴി; കുറ്റപത്രത്തില്‍ മിശ്രയുടെ പേര് ഒഴിവാക്കി പൊലീസ്

കലാപത്തിനിടെ കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലാണ്​ ഡൽഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്

News Desk

News Desk

ന്യൂഡൽഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഏറ്റവും പുതിയ കുറ്റപത്രത്തിലും ബി.ജെ.പി നേതാവ്​ കപിൽ മിശ്രയുടെ പേര് ഒഴിവാക്കി ഡല്‍ഹി പൊലീസ്. കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തെ ചൊല്ലി വലിയ വിവാദങ്ങൾ ഉയരുകയും മിശ്രക്കെതിരായ സാക്ഷികൾ ഉണ്ടായിട്ടും കുറ്റപത്രത്തിൽ പേരില്ലാത്തത്​ വലിയ വിവാദത്തിനാണ്​ തിരികൊളുത്തിയിരിക്കുന്നത്​.

50ല്‍ അധികം പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തിന് കാരണമായത് ബിജെപി നേതാവായ കപില്‍ മിശ്ര അടക്കമുളളവര്‍ നടത്തിയ വിദ്വേഷ പ്രസംഗമാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍ കപില്‍ മിശ്രയെ രക്ഷിക്കാനുളള നീക്കം ഡല്‍ഹി പോലീസ് അടക്കം നടത്തുന്നതായും ആക്ഷേപമുണ്ട്. കലാപത്തിനിടെ കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലാണ്​ ഡൽഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്​.

കപില്‍ മിശ്രക്കെതിരെ കുറ്റപത്രത്തില്‍ സാക്ഷിമൊഴി ഉളളതായാണ് റിപ്പോര്‍ട്ട്. കപില്‍ മിശ്രയുടെ അനുയായികള്‍ സമരപ്പന്തല്‍ തീവെച്ച് നശിപ്പിച്ചതായി ഒരു സി.എ.എ വിരുദ്ധ സമരവേദിയില്‍ വെച്ച് വിളിച്ച് പറയുന്നതായി കേട്ടു എന്നാണ് സാക്ഷിമൊഴി. ചാന്ദ്ബാഗിലെ സമരപ്പന്തലില്‍ വെച്ചാണ് അത്തരത്തില്‍ ആളുകള്‍ പറയുന്നത് കേട്ടതെന്നും അതാണ് പ്രശ്‌നം വഷളാക്കിയതെന്നുമാണ്​ സാക്ഷിമൊഴിയിൽ പറയുന്നത്​.

എന്നാൽ പന്തൽ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടില്ല എന്നാണ്​ ഡൽഹി പൊലീസ്​ പറയുന്നത്​. സമരക്കാരെ ഇളക്കിവിടാൻ ചിലർ മനഃപ്പൂർവ്വം പ്രചാരണം നടത്തിയതാണെന്നും പൊലീസ്​ വ്യക്​തമാക്കി.

76 പൊലീസുകാരും ഏഴ്​ പ്രദേശവാസികളും അടക്കം 164 സാക്ഷി മൊഴികളാണ് ഡൽഹി പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വരാജ് ഇന്ത്യ പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് നടത്തിയ പ്രസംഗത്തെ കുറിച്ചും കുറ്റപത്രത്തില്‍ പരാമർശിക്കുന്നുണ്ട്​. ചാന്ദ്ബാഗില്‍ നടന്ന സി.എ.എ വിരുദ്ധ സമരത്തില്‍ യോഗേന്ദ്ര യാദവ് സംസാരിച്ചിരുന്നു. എന്നാല്‍ യോഗേന്ദ്ര യാദവി​​െൻറ പേര് പ്രതിപ്പട്ടികയില്‍ ഇല്ല.

വടക്ക് കിഴക്കന്‍ ദില്ലിയിലെ ഗോകാല്‍പുരിയില്‍ വെച്ചാണ് കോണ്‍സ്റ്റബിളായിരുന്ന രത്തന്‍ ലാല്‍ കൊല്ലപ്പെട്ടത്. വെടിയേറ്റാണ് രത്തന്‍ ലാലിന്റെ മരണം.

Anweshanam
www.anweshanam.com