ദേവീന്ദർ സിങ്ങിന് ജാമ്യം; വിദ്യാർത്ഥികൾ തടവറയിൽ തന്നെ
India

ദേവീന്ദർ സിങ്ങിന് ജാമ്യം; വിദ്യാർത്ഥികൾ തടവറയിൽ തന്നെ

സമീപകാലത്ത് നടന്ന രണ്ട് സംഭവങ്ങളെടുത്ത് നോക്കിയാൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ച്ച മനസിലാക്കാം

M Salavudheen

ന്യൂഡൽഹി: ക്രമാസമാധനത്തിന് വേണ്ടിയാണ് പോലീസ് എന്നാണ് പൊതുവെ പറയുക. അതോടൊപ്പം ക്രമാസമാധാനത്തിന് വിരുദ്ധമായി നടക്കുന്ന കുറ്റകൃത്യങ്ങളെ അന്വേഷിച്ച് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി അവർക്കെതിരായ തെളിവുകൾ കോടതിക്ക് മുൻപാകെ സമർപ്പിക്കുക എന്നതും പോലീസിന്റെ കർത്തവ്യമാണ്. എന്നാൽ ഇവയ്‌ക്കെല്ലാം അപവാദമായി മാറുന്ന കാഴ്ച്ചയാണ് രാജ്യ തലസ്ഥാനത്തെ പോലീസ് കാണിക്കുന്നത്. സമീപകാലത്ത് നടന്ന രണ്ട് സംഭവങ്ങളെടുത്ത് നോക്കിയാൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ച്ച മനസിലാക്കാം.

ഒന്ന്, തീവ്രവാദക്കേസിൽ അറസ്റ്റിലായ ജമ്മു കശ്മീർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിന് ജാമ്യം ലഭിച്ചിരിക്കുന്നു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം. കേസ് അന്വേഷിച്ചത് ഡൽഹി പോലീസായിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം രണ്ട് എ കെ 47 തോക്കുകളുടെ പിടിയിലായ ദേവീന്ദർ സിങ്ങിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം മതിയായില്ല ഡൽഹി പോലീസിന് എന്നത് അതിശയകരമാണെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളുടെ സമയത്തും അതിനു ശേഷം ഈ ലോക്ക് ഡൗൺ കാലത്തും ഡൽഹി പോലീസിന്റെ നടപടികളാണ് രണ്ടാമത്തെ സംഭവം. സമരം നടക്കുന്ന സമയത്ത് ജനാധിപത്യ രീതിയിലുള്ള അവകാശങ്ങൾ വിനിയോഗിച്ച വിദ്യാർത്ഥികളെ തല്ലിച്ചതച്ച സംഭവങ്ങൾ രാജ്യം മുഴുവൻ കണ്ടതാണ്. എന്നാൽ അന്നത്തെ സംഭവങ്ങൾ കൊണ്ടും തീരത്തെ ഡൽഹി കലാപസമയത്തും ഏതാനും പോലീസുകാർ വാഹനങ്ങൾ ഉൾപ്പെടെ തല്ലിച്ചതക്കുന്ന കാഴ്ചകളും പുറത്തുവന്നിരുന്നു.

എന്നാൽ ഈ സംഭവത്തിന് ശേഷം കൊറോണയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കാലത്തും അന്ന് ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ഉൾപ്പെടെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു. ഗർഭിണിയായ വിദ്യാർത്ഥിനി സഫൂറ സർഗാർ ഉൾപ്പെടെയുള്ള നിരവധി വിദ്യാർത്ഥികളെയും ജാമിയ കോർഡിനേഷൻ കമ്മറ്റി നേതാക്കളെയും ജയിലിൽ അടക്കാൻ പോലീസ് ലോക്ക് ഡൗൺ സമയത്തും തയ്യാറായി. സമരത്തിന് ആഹ്വനം ചെയ്തതിനും റോഡ് ബ്ലോക്ക് ചെയ്യാൻ പറഞ്ഞതിനുമുൾപ്പെടെയാണ് കേസെടുത്ത് ജയിലിലടച്ചത്. ഇവർക്ക് ജാമ്യം ലഭിക്കാതിരിക്കാൻ പോലീസ് കൂടുതൽ ജാഗ്രത കാണിക്കുന്നുണ്ട്.

തീവ്രവാദികളുമായും മാരകായുധങ്ങളുമായും പിടിയിലായ ദേവീന്ദർ സിങ്ങിനെതിരായ കുറ്റപത്രം സമർപ്പിക്കാൻ 90 ദിവസം സമയം തികയാതെ വന്ന പോലീസിന് വിദ്യാർത്ഥികളുടെ കാര്യത്തിൽ അത്തരം സമയക്കുറവുണ്ടായില്ല എന്നാണ് ഉയരുന്ന ആരോപണം. കേസ് അന്വേഷിച്ച പോ ലീസ് ഏജൻസിക്ക് നിയമം അനുശാസിക്കുന്ന കാലയളവായ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാതിരുന്നതുകൊണ്ടാണ് കുറ്റാരോപിതർക്ക് കോടതി ജാമ്യം അനുവദിച്ചത് എന്ന് ദേവീന്ദർ സിങിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

ശ്രീനഗർ വിമാനത്താവളത്തിൽ ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ദേവീന്ദർ സിംഗ് ഭീകരരെയും കൊണ്ട് ഡൽഹിയിലേക്കായിരുന്നു തന്റെ കാറിൽ യാത്ര പുറപ്പെട്ടത്. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ മിർ ബസാറിൽ വച്ചായിരുന്നു അവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് എകെ 47 തോക്കുകളും അന്ന് പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പിന്നീട് ദേവീന്ദർ സിംഗിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് പിസ്റ്റളുകളും ഒരു എകെ 47 തോക്കും കൂടി കണ്ടെത്തുകയുണ്ടായി.

പോലീസ് തന്നെ നേരിട്ട് തീവ്രവാദികളോടൊപ്പം പിടികൂടിയിട്ടും ആയുധം സംഭവസ്ഥലത്തു നിന്ന് പിടിച്ചെടുത്തിട്ടും പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ആയുധങ്ങൾ കണ്ടെത്തിയതുമെല്ലാം ഉണ്ടായിട്ടും പോലീസ് കുറ്റപത്രം സമർപ്പിക്കാൻ മൂന്ന് മാസത്തെ സമയം തികയാതെ വന്നു.

എന്നാൽ ഇതേ ഡൽഹി പോലീസ് തന്നെ പൗരത്വ സമരക്കാരെ വേട്ടയാടുന്നത് തുടരുകയുമാണ്. ഏറ്റവും ഒടുവിലായി ഷഹീൻ ബാഗിലെ സമരക്കാർക്ക് തന്റെ ഫ്ലാറ്റ് ഉൾപ്പെടെ വിറ്റുകിട്ടിയ പണം കൊണ്ട് സൗജന്യമായി ഭക്ഷണം നൽകിയിരുന്ന സിഖുകാരൻ ഡി എസ് ബിന്ദ്രയെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെടുത്തുകയും ചെയ്‌തു. കലാപത്തിനിടെ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട കേസിന്റെ എഫ് ഐ ആറിലാണ് ഇദ്ദേഹത്തിന്റെ പേരും ചേർത്തിരിക്കുന്നത്. കുറ്റപത്രത്തിൽ പേര് പറയുന്ന ഇദ്ദേഹത്തെ അതേസമയം പ്രതി പട്ടികയിൽ ചേർത്തിട്ടില്ല. ഡൽഹിയിലെ അഭിഭാഷകൻ കൂടിയാണ് ബിന്ദ്ര.

Anweshanam
www.anweshanam.com