സ്വവര്‍ഗ വിവാഹങ്ങളുടെ നിയമ പരിരക്ഷ; കേന്ദ്രത്തിന്‍റെ പ്രതികരണം തേടി ഡല്‍ഹി ഹൈക്കോടതി

സ്വവർഗ ദമ്പതികൾ സമർപ്പിച്ച രണ്ട് വ്യത്യസ്ത ഹർജികള്‍ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
സ്വവര്‍ഗ വിവാഹങ്ങളുടെ നിയമ പരിരക്ഷ; കേന്ദ്രത്തിന്‍റെ പ്രതികരണം തേടി ഡല്‍ഹി ഹൈക്കോടതി

ന്യൂ ഡല്‍ഹി: സ്പെഷ്യല്‍ മാര്യേജ് ആക്ട് (1954), ഫോറിന്‍ മാര്യേജ് ആക്ട് (1969) എന്നിവയ്ക്ക് കീഴില്‍ സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കുന്നത് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികരണം തേടി. സ്വവർഗ ദമ്പതികൾ സമർപ്പിച്ച രണ്ട് വ്യത്യസ്ത ഹർജികള്‍ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് രാജീവ് സഹായ് എൻ‌ഡ്‌ല, ജസ്റ്റിസ് ആശാ മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്രത്തിന് നോട്ടീസ് അയച്ചു.

ഹര്‍ജികളില്‍ 2021 ജനുവരി 8ന് കോടതി വിശദമായി വാദം കേള്‍ക്കും. അതിനു മുന്നോടിയായി പ്രതികരണം അറിയിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. എൽ‌ജിബിടിക്യു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തികൾ തമ്മിലുള്ള വിവാഹം അംഗീകരിക്കാത്തത് സുപ്രീം കോടതി ഉറപ്പുനൽകിയ സ്വാതന്ത്ര്യം, സമത്വം, തുടങ്ങിയ മൗലികാവകാശങ്ങളെ ലംഘിച്ചുവെന്നാണ് ദമ്പതികള്‍ ഹര്‍ജിയിൽ പ്രതിപാദിച്ചത്.

ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാനാകില്ലെന്നും ഇത്തരം വിവാഹങ്ങള്‍ അനുവദിച്ചാല്‍ അത് നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകുമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ മാസം ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രത്യേക ഉത്തരവ് ഇല്ലാതെ സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അബിജിത് അയ്യര്‍ മിത്ര എന്നയാളും മറ്റു ചിലരും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് പ്രതികരണം തേടി ഹൈക്കോടതി കേന്ദ്രത്തിന് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com