ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ ദേവീന്ദർ സിംഗിന് ജാമ്യം
India

ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ ദേവീന്ദർ സിംഗിന് ജാമ്യം

നിശ്ചിത സമയപരിധിക്കുള്ളില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് സിങ്ങിന് ജാമ്യം ലഭിച്ചത്

News Desk

News Desk

ന്യൂഡൽഹി: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ജമ്മു കശ്മീരിലെ മുന്‍ ഡിഎസ്പി ദേവീന്ദർ സിങ്ങിന് ഡല്‍ഹിയിലെ കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് സിങ്ങിന് ജാമ്യം ലഭിച്ചത്. ദേവീന്ദർ സിങിന്റെ അഭിഭാഷകൻ അഡ്വ. എംഎസ് ഖാനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേസ് അന്വേഷിച്ച പൊലീസ് ഏജൻസിക്ക് നിയമം അനുശാസിക്കുന്ന കാലയളവായ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാതിരുന്നതുകൊണ്ടാണ് കുറ്റാരോപിതർക്ക് കോടതി ജാമ്യം അനുവദിച്ചത് എന്ന് ദേവീന്ദർ സിങിന്റെ അഭിഭാഷകൻ പറഞ്ഞു.

ശ്രീനഗർ വിമാനത്താവളത്തിൽ ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന ദേവീന്ദർ സിംഗ് അന്ന് ഭീകരരെയും കൊണ്ട് ഡൽഹിയിലേക്കായിരുന്നു തന്റെ കാറിൽ യാത്ര പുറപ്പെട്ടത്. അന്ന്, ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ മിർ ബസാറിൽ വച്ചായിരുന്നു അവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് എകെ 47 തോക്കുകളും അന്ന് പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പിന്നീട് ദേവീന്ദർ സിംഗിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് പിസ്റ്റളുകളും ഒരു എകെ 47 തോക്കും പൊലീസ് കണ്ടെത്തുകയുണ്ടായി.

Anweshanam
www.anweshanam.com