യുപിയിൽ ആക്രമണങ്ങൾ പെരുകുന്നു; ഹത്രാസിൽ വീണ്ടും ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി
അമ്മയ്ക്കൊപ്പം ടെംപോയില്‍ സഞ്ചരിക്കുകയായിരുന്ന ദളിത് പെണ്‍കുട്ടിയേയാണ് ടെംപോ ഡ്രൈവർ ഉൾപ്പെട്ട മൂന്ന് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ട് പോയത്
യുപിയിൽ ആക്രമണങ്ങൾ പെരുകുന്നു; ഹത്രാസിൽ വീണ്ടും ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

ലക്‌നോ: ദളിത് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായി മരിച്ചതിന്റെ ഞെട്ടലിൽ നിന്ന് മാറുന്നതിന് മുന്നേ ഉത്തർപ്രദേശിലെ ഹത്രാസിൽ വീണ്ടും ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. അമ്മയ്ക്കൊപ്പം ടെംപോയില്‍ സഞ്ചരിക്കുകയായിരുന്ന ദളിത് പെണ്‍കുട്ടിയേയാണ് ടെംപോ ഡ്രൈവർ ഉൾപ്പെട്ട മൂന്ന് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ട് പോയത്. പൊലീസ് അന്വേഷണത്തിൽ പെൺകുട്ടിയെയും ടെംപോയും കണ്ടെത്തിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമ്മയ്ക്കൊപ്പം മരുന്ന് വാങ്ങാനായി സാദാബാദിലെത്തിയതായിരുന്നു പെണ്‍കുട്ടി. മരുന്നുകള്‍ വാങ്ങി തിരികെ പോവുന്നതിനിടെ സുഖമില്ലാതിരുന്ന പെണ്‍കുട്ടി ടെംപോയിലിരുന്ന് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. വാഹനത്തില്‍ നിന്ന് ഇറങ്ങിയ അമ്മ അടുത്തുള്ള നദിയില്‍ നിന്ന് വെള്ളമെടുക്കാന്‍ പോയസമയത്താണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

ടെംപോയുടെ ഡ്രൈവറും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയിരിക്കുന്നത്. വാഹനം മുന്നോട്ട് നീങ്ങുന്നത് കണ്ട് അമ്മ ഓടിയെത്തിയെങ്കിലും ടെംപോ നിര്‍ത്താതെ ഓടിച്ച്‌ പോവുകയായിരുന്നുവെന്നാണ് പരാതി. അമ്മ വിവരം അറിയിച്ചതിനേ തുടര്‍ന്ന് ബന്ധുക്കള്‍ സംഭവ സ്ഥലത്ത് എത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ആയിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ സാദാബാദ് പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച്‌ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് അന്വേഷണത്തില്‍ ടെംപോ സമീപത്തെ പെട്രോള്‍ പമ്പിലെത്തിയതായി വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടെംപോയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്. പ്രതികൾക്കായി അന്വേഷണം തുടരുന്നു.

Related Stories

Anweshanam
www.anweshanam.com