
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 19,148 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 434 പേര് മരണമടഞ്ഞു. ഇതോടെ ഇന്ത്യയില്‍ രോഗം പിടിപെട്ടവരുടെ എണ്ണം 6.04 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 3.59 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 17,834 പേരാണ് മരിച്ചത്.
മൂന്ന് സംസ്ഥാനങ്ങളില്‍ അമ്പതിനായിരത്തിലേറെയാണ് രോഗികള്‍. മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതല്‍. 1,80,298 പേര് രോഗികളായി. 8,053 പേര് മരണമടഞ്ഞു. മുംബൈയില്‍ ഇതുവരെ 363 തടവുകാര്‍ക്കും 102 ജയില്‍ ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 255 തടവുകാരും 82 ജീവനക്കാരും രോഗമുക്തരായി. തമിഴ്നാട്ടില്‍ 94,049 രോഗികളും 1,264 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ 90 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് , ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രപ്രദേശ്, ഹരിയാന, കര്‍ണാടകം എന്നിങ്ങനെ 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. ഡല്‍ഹിയില്‍ 89802, തമിഴ്നാട്ടില്‍ 94049, ഗുജറാത്തില്‍ 33232, ഉത്തര്‍ പ്രദേശില്‍ 24056 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം.
രാജ്യത്ത് ജൂലായ് ഒന്നു വരെ 90,56,173 സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. അതില്‍ 2,29,588 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് നടത്തിയത്. ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നതിനായി 1000 ലാബുകള്‍ക്ക് ഐസിഎംആര്‍ അംഗീകാരം നല്കി. സര്‍ക്കാര്‍ തലത്തില്‍ 730 എന്നവും സ്വകാര്യ മേഖലയില്‍ 270 എണ്ണവും. 557 ആര്.ടി- ലാബുകളും 363 ട്രൂനാറ്റ് ലാബുകളും 80 സിബിനാറ്റ് ലാബുകളും ഇതില്‍ ഉള്‍പ്പെടുന്നു.
റഷ്യയാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ രോഗികളുള്ള തൊട്ടടുത്ത രാജ്യം. ലോകത്ത് കോവിഡ് രോഗികളില്‍ മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 6.53 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഒന്നാം സ്ഥാനത്തുള്ള യുഎസില്‍ 26 ലക്ഷവും രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 14 ലക്ഷവും രോഗികളുണ്ട്.