കോവിഡ് വാക്സിന്‍ നാല് മാസത്തിനുള്ളില്‍ വിതരണത്തിന് തയ്യാറാകും: കേന്ദ്ര ആരോഗ്യ മന്ത്രി

2021 നമുക്കെല്ലാവർക്കും മികച്ച വർഷമായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു
കോവിഡ് വാക്സിന്‍ നാല് മാസത്തിനുള്ളില്‍ വിതരണത്തിന് തയ്യാറാകും: കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: അടുത്ത മൂന്ന്-നാല് മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ വിതരണം സാധ്യമാകുമെന്ന് തനിക്കുറുപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ. 135 കോടി ഇന്ത്യക്കാർക്ക് ഇത് നൽകാനുള്ള മുൻഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ പ്രവർത്തകരടക്കമുള്ള കോവിഡ് പോരാളികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിൽ സ്വാഭാവികമായ മുൻഗണന നൽകും. വാക്സിൻ എല്ലാവരിലേക്കും എത്തിക്കാൻ വിശദമായ ആസൂത്രണം നടത്തി വരുകയാണ്. ഇതിനായി ഒരു ഇ-വാക്സിൻ ഇന്റലിജൻസ് പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്. 2021 നമുക്കെല്ലാവർക്കും മികച്ച വർഷമായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവർത്തകരടക്കമുള്ള കോവിഡ് പോരാളികൾക്ക് ശേഷം 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നതിന് മുൻഗണന. പിന്നീട് 50-65 വയസ്സിന് ഇടയിൽ പ്രായമുള്ളവർക്കും 50 വയസ്സിൽ താഴെ പ്രായമുള്ള മറ്റു രോഗങ്ങളാൽ ബുദ്ധമുട്ടുന്നവർക്കും മുൻഗണന നൽകും. വിദഗ്ധ അഭിപ്രായപ്രകാരം ഇക്കാര്യങ്ങളിൽ സർക്കാർ വ്യക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2021 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ ആസൂത്രണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു.

കോവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പ്രശംസിച്ച അദ്ദേഹം കഴിഞ്ഞ ഏതാനും മാസങ്ങളായി പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ വളരെ ധീരമായ ചില നടപടികളാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനായ കൊവാക്‌സിന്‍ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയാണ്. കൊവാക്‌സിന്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയേക്കുമെന്ന് നേരത്തെ ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞന്‍ പറഞ്ഞതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ തന്നെ വാക്‌സിന്‍ പുറത്തിറങ്ങിയേക്കുമെന്നാണ് ഐ.സി.എം.ആര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

Related Stories

Anweshanam
www.anweshanam.com