ആശങ്ക കൂട്ടി കുത്തനെ കൂടി രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം
India

ആശങ്ക കൂട്ടി കുത്തനെ കൂടി രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം

24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 13586 പേര്‍ക്ക്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും വലിയ കണക്കാണിത്

By Thasneem

Published on :

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 13586 പേര്‍ക്ക്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും വലിയ കണക്കാണിത്. 336 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. കോവിഡ് മരണം 12573 ആയി. നിലവില്‍ മൂന്നേ മുക്കാല്‍ ലക്ഷം പേര്‍ക്ക് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3752 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഇത് വരെ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 100 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. സംസ്ഥാനത്ത് ഇത് വരെ 5751 പേരുടെ മരണം റിപ്പോര്‍ട്ട്‌ ചെയ്തു.

ഡല്‍ഹിയില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് കോവിഡ് പ്രതിരോധം നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ട്രെയിന്‍ കോച്ചുകളില്‍ കോവിഡ് ബെഡ് സജ്ജീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. നിലവിൽ 49,979 പേർക്കാണ് രോഗം ബാധിച്ചത്. 1969 പേർ രോഗം മൂലം മരിക്കുകയും ചെയ്‌തു. 21,341 പേർക്കാണ് രോഗ മുക്തി നേടാനായത്.

രാജസ്ഥാനില്‍ 24 മണിക്കൂറിനിടെ 315 പുതിയ കോവിഡ് കേസുകളും 17 മരണവും റിപ്പോര്‍ട്ട്‌ ചെയ്തു. മണിപ്പൂരില്‍ 54 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

തമിഴ്‌നാട്ടില്‍ 52,334പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23,068പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 28,641പേര്‍ രോഗമുക്തരായി. 625പേര്‍ മരിച്ചു.

ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 31 മരണവും 510 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ 12 പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു.

അതിനിടെ തമിഴ്നാട്ടില്‍ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അന്‍പഴകനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈ മണപ്പാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓരോ ദിവസം കഴിയും തോറും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുകയാണ്.

Anweshanam
www.anweshanam.com