രാജ്യത്ത് കോവിഡ് കേസുകള്‍ പത്തുലക്ഷത്തിലേക്ക്; ഒറ്റദിവസത്തിനിടെ 97,894 പേര്‍ക്ക് രോഗബാധ

24 മണിക്കൂറിനിടെ 97,894 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് കോവിഡ് കേസുകള്‍ പത്തുലക്ഷത്തിലേക്ക്; ഒറ്റദിവസത്തിനിടെ 97,894 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം ഒരുലക്ഷത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറിനിടെ 97,894 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

രാജ്യത്ത് റെക്കോഡ് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അന്‍പത്തിയൊന്നു ലക്ഷം കടന്നു. 51,18,254 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതില്‍ 40,25,080 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 10,09,976 സജീവ കേസുകളാണ് ഉള്ളത്. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എന്നത് ആശ്വാസം പകരുന്നു. കോവിഡ് രൂക്ഷമായി ബാധിച്ച മറ്റ് ലോകരാജ്യങ്ങളെ വച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ രോഗമുക്തി നിരക്ക് വളരെ ഉയര്‍ന്ന് നില്‍ക്കുന്നു. അതുപോലെ തന്നെ മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ.

കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1,132 മരണങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ ആകെ മരണസംഖ്യ 83,198 ആണ്. അതേസമയം ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് കോടി കടന്നു. വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ അനുസരിച്ച് 30,042,299 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 945,164 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com