രാജ്യത്ത് കോവിഡ് ബാധിതർ 82 ലക്ഷം കടന്നു; 75 ലക്ഷം കടന്ന് രോഗമുക്തർ

പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിന് പുറമേ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്
രാജ്യത്ത് കോവിഡ് ബാധിതർ 82 ലക്ഷം കടന്നു; 75 ലക്ഷം കടന്ന് രോഗമുക്തർ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. 45,230 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേസുകളുടെ എണ്ണത്തില്‍ 8,550 ന്റെ കുറവായിട്ടുണ്ട്.

496 പേരാണ് ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്‌. ഇതോടെ രാജ്യത്ത് ആകെ കോവിഡിന് കീഴടങ്ങിയവരുടെ എണ്ണം 1,22,607 ആയി. പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിന് പുറമേ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവാണ് ഉണ്ടായിട്ടുള്ളത്. ദിനം പ്രതി ആയിരത്തിലധികം മരണം റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് നിലവിൽ അഞ്ഞൂറിൽ താഴെ മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്.

53,285 പേർ കൂടി ഇന്നലെ രോഗമുക്തരായതോടെ രോഗമുക്തി നേടിയവർ 75 ലക്ഷം കടന്നു.

82,29,313 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 5,61,908 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5369 പേർക്ക് രോഗം സ്ഥിരീകരിച്ചു. 113 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 44,000 കടന്നു. ഡല്‍ഹിയിൽ 5,664 പേർക്കും കർണാടകയിൽ 3652 പേർക്കും, തമിഴ്നാട്ടിൽ 2504 പേർക്കും പുതുതായി രോഗം സ്ഥീരികരിച്ചു.

അതേസമയം കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിൻ അടുത്ത വർഷം രണ്ടാം പാദത്തോടെ പുറത്തിറക്കാനാണ് ലക്ഷ്യമെന്ന് ഭാരത് ബയോടെക് അറിയിച്ചു. മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കാനിരിക്കെയാണ് ഭാരത് ബയോടെക് ഈക്കാര്യം വ്യക്തമാക്കിയത്.

ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.

ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.

Related Stories

Anweshanam
www.anweshanam.com