കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കിയേക്കും; ജനുവരി 2 മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ

രണ്ടാം ഡ്രൈ റണ്ണാണ് ഇനി നടക്കാനിരിക്കുന്നത്
കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കിയേക്കും; ജനുവരി 2 മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സീന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ സോമനി. വെള്ളിയാഴ്ച കോവിഡ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക യോഗം ചേരാനിരിക്കെയാണ് ഡോ സോമനി സൂചന നല്‍കിയിരിക്കുന്നത്.

ജനുവരി രണ്ട് മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.

രണ്ടാം ഡ്രൈ റണ്ണാണ് ഇനി നടക്കാനിരിക്കുന്നത്. ഡിസംബർ 28, 29 തിയതികളിലായിരുന്നു രാജ്യത്തെ ആദ്യ ഡ്രൈ റൺ നടന്നത്. അസം, ആന്ധ്രാ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ആദ്യ ഡ്രൈ റൺ.

ഡ്രൈ റണ്ണിനായി 96,000 പേർക്കാണ് പരിശീലനം നൽകിയിരിക്കുന്നത്. ഇതിൽ 2360 പേർക്ക് ദേശിയ തലത്തിലാണ് പരിശീലനം നൽകിയിരിക്കുന്നത്. ബാക്കി 57,000 പേർക്ക് 19 സംസ്ഥാനങ്ങളിലായി 719 ജില്ലകളിലാണ് പരിശീലനം ഒരുക്കിയത്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് വാക്‌സീന്‍ വിതരണ സംവിധാനം സജ്ജമാക്കല്‍, വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, ജില്ലകളില്‍ വാക്‌സീന്‍ സ്വീകരിക്കുന്നതും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വാക്‌സീനേഷന്‍ ടീമിനെ സജ്ജമാക്കല്‍, സെക്ഷന്‍ സൈറ്റില്‍ സാധനങ്ങള്‍ എത്തിക്കല്‍, വാക്‌സിനേഷന്‍ നടത്തുന്നതിന്റെ മോക്ക് ഡ്രില്‍, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളുടെ റിപ്പോര്‍ട്ടിങ്, അവലോകനം എന്നിവയാണ് ഡ്രൈ റണ്ണില്‍ ഉള്‍പ്പെടുക.

ഓരോ സംസ്ഥാനത്തേയും തെരഞ്ഞെടുക്കപ്പെട്ട പ്രദേശത്താണ് ഡ്രൈ റൺ നടക്കുക. വാക്‌സിൻ ലഭിക്കുന്നവരിൽ 25 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com