ശബ്ധ വേഗതയെ വെല്ലുന്ന മിസൈല്‍ വികസനത്തിലേക്ക് രാജ്യം
India

ശബ്ധ വേഗതയെ വെല്ലുന്ന മിസൈല്‍ വികസനത്തിലേക്ക് രാജ്യം

ഇന്ത്യ ഹൈപ്പര്‍സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്എസ്ടിഡിവി) പരീക്ഷണം നടത്തി.

News Desk

News Desk

ന്യൂഡെല്‍ഹി: ഇന്ത്യ ഹൈപ്പര്‍സോണിക് ടെസ്റ്റ് ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്എസ്ടിഡിവി) പരീക്ഷണം നടത്തി. ഇതിലൂടെ ശബ്ദത്തിന്റെ ആറിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലുകള്‍ വികസിപ്പിച്ചെടുക്കുന്നതിലേക്കുള്ള വഴിയൊരുങ്ങിയിരിക്കുന്നു. ഒഡീഷ ബാലസൂരി എപിജെ അബ്ദുള്‍ കലാം ടെസ്റ്റിംഗ് റേഞ്ചില്‍ (വീലര്‍ ഐലന്റ്) നിന്ന് ഇന്ന് (സെപ്തംബര്‍ ഏഴ്) 11.30നായിരുന്നു പരീക്ഷണം - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യ വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കുമൊപ്പമെത്തി ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്തതാണ് എച്ച്എസ്ടിഡിവി. അഗ്‌നി മിസൈല്‍ ബൂസ്റ്റര്‍ ഉപയോഗിച്ചായിരുന്നു അഞ്ച് മിനിറ്റ് നീണ്ടുനിന്ന പരീക്ഷണം.

ജ്വലന ചേമ്പര്‍ മര്‍ദ്ദം, വായു ഉപഭോഗം, നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവയുള്‍പ്പെടെ എല്ലാ നിലയിലുമുള്ള പ്രവര്‍ത്തന ക്ഷമതകള്‍ പരീക്ഷിച്ചു. ഡിആര്‍ഡിഒ മേധാവി സതീഷ് റെഡ്ഡിയും ഹൈപ്പര്‍സോണിക് മിസൈല്‍ സംഘവുമാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സെക്കന്റില്‍ രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കുന്ന സ്‌ക്രാംജെറ്റ് എഞ്ചിനുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ വികസിപ്പിക്കാനുള്ള ശേഷി ഡിആര്‍ഡിഒയ്ക്കുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

പരീക്ഷണ വിജയത്തില്‍ ഡിആര്‍ഡിഒയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. തദ്ദേശീയമായി സ്‌ക്രാംജെറ്റ് എഞ്ചിന്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രത്യേകം ആശംസകളറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത്' (സ്വാശ്രയ ഇന്ത്യ) യുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലുള്ള സുപ്രധാന നേട്ടമാണിത്. ഈ വിജയത്തോടെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്നതിന് എല്ലാ നിര്‍ണായക സാങ്കേതികവിദ്യകളും ഇപ്പോള്‍ സ്ഥാപിക്കപ്പെട്ടു - സിങ് ട്വീറ്റ് ചെയ്തു.

Anweshanam
www.anweshanam.com