ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രാബല്യത്തിൽ വന്നു
India

ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രാബല്യത്തിൽ വന്നു

കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാൻ വിഡിയോ കോൺഫറൻസിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

By News Desk

Published on :

ന്യൂ ഡല്‍ഹി: ഉപഭോക്തൃ സംരക്ഷണ നിയമം- 2019 ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ നിയമം ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതോടൊപ്പം വിവിധ വിജ്ഞാപിത നിയമങ്ങളിലൂടെയും ഉപഭോക്തൃ സംരക്ഷണ കൗൺസിലുകൾ, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകൾ, മധ്യസ്ഥത, ഉൽ‌പന്ന ബാധ്യത, മായം ചേർക്കലിനും വ്യാജ ഉൽ‌പന്നങ്ങൾ നിർമ്മിക്കുന്നത്തിനും വിൽക്കുന്നതിനുമുള്ള ശിക്ഷ എന്നിവയിലൂടെ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും.

കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാൻ വിഡിയോ കോൺഫറൻസിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉപഭോക്തൃ അവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുക, സുരക്ഷിതമല്ലാത്ത ചരക്കുകളും സേവനങ്ങളും മടക്കി വിളിക്കുക, നീതിയുക്തമല്ലാത്ത വ്യാപാര സമ്പ്രദായങ്ങൾ നിർത്തലാക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് ശിക്ഷ നൽകുക എന്നിവ നടപ്പാക്കുന്നതിനായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ.) സ്ഥാപിക്കുന്നത് ഈ നിയമത്തിൽ ഉൾപ്പെടുന്നു.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ നീതിയുക്തമല്ലാത്ത വ്യാപാര രീതി തടയുന്നതിനുള്ള നിയമങ്ങളും ഈ നിയമത്തിന് കീഴിൽ വരുമെന്ന് പാസ്വാൻ പറഞ്ഞു. ഉപഭോക്തൃ കമ്മിഷനുകളിലെ ഉപഭോക്തൃ തർക്ക വിധി നിർണ്ണയ പ്രക്രിയ ലളിതമാക്കുന്നതിന് പുതിയ നിയമം അനുശാസിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഇതിൽ സംസ്ഥാന, ജില്ലാ കമ്മിഷനുകൾക്ക് സ്വന്തം വിധികൾ പുനഃപരിശോധിക്കാനുള്ള അധികാരവും വ്യവസ്ഥ ചെയ്യുന്നു. ഇലക്ട്രോണിക് പരാതികൾ നൽകാനും ഉപഭോക്താവിനെ പ്രാപ്തനാക്കുന്ന വിധത്തിലാണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്.

പുതിയ നിയമത്തിൽ മധ്യസ്ഥതയ്ക്ക് പകരമുള്ള തർക്ക പരിഹാര സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഉപഭോക്തൃ കമ്മിഷനുകളുടെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന മദ്ധ്യസ്ഥതാ സെല്ലുകളിൽ ഇത് നടക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം.

Anweshanam
www.anweshanam.com