രാഷ്ട്രപതിയെ കാണാൻ മൂന്ന് പേർക്ക് മാത്രം അനുമതി; റോഡിലിരുന്ന് പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ

വിലക്ക് ലംഘിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും കെ സി വേണുഗോപാലിന്റെയും നേതൃത്വത്തില്‍ അക്ബര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
രാഷ്ട്രപതിയെ കാണാൻ മൂന്ന് പേർക്ക് മാത്രം അനുമതി; റോഡിലിരുന്ന് പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ

ന്യൂഡല്‍ഹി : കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ എംപിമാരുടെ നേതൃത്വത്തില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം. വിലക്ക് ലംഘിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും കെ സി വേണുഗോപാലിന്റെയും നേതൃത്വത്തില്‍ അക്ബര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വിജയ് ചൗക്കില്‍ നിന്നും കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനും, തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട്, കര്‍ഷക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടുകോടി പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കാനുമാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ മൂന്ന് പേർക്ക് മാത്രമാണ് അനുമതി നൽകിയത്. മാർച്ചിനും അനുമതി നൽകിയില്ല. രാഹുല്‍ഗാന്ധി, ഗുലാം നബി ആസാദ്, ലോക്‌സഭയിലെ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് രാഷ്ട്രപതി ഭവന്‍ രാഷ്ട്രപതിയെ കാണാന്‍ അനുവാദം നല്‍കിയിട്ടുള്ളത്. മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണാന്‍ രാഹുല്‍ഗാന്ധി തിരിച്ചു.

കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് സമാധാനപരമായ മാര്‍ച്ച് നടത്തിയത് പൊലീസ് തടഞ്ഞു. ഇത് ഫാസിസ്റ്റ് നടപടിയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. രണ്ട് ട്രക്ക് നിവേദനം രാഷ്ട്രപതി ഭവനിലെത്തിക്കും. രാഷ്ട്രപതിക്ക് കൈമാറുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കുത്തിയിരിപ്പു സമരത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണം. സര്‍ക്കാര്‍ നയങ്ങളോട് വിയോജിക്കുന്നവരെ കേന്ദ്രം ഭീകരരായി മുദ്ര കുത്തുകയാണ്. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമാണ്. ആ നിലപാട് തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് രാഷ്ട്രപതിയെ കാണാന്‍ അനുവദിക്കില്ല എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ടി എന്‍ പ്രതാപന്‍ എംപിയും പ്രതികരിച്ചു. കൊടിക്കുന്നില്‍ സുരേഷ്, കുമാരി ഷെല്‍ജ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങി നിരവധി എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com