രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥി

ഡിഎംകെയുടെ തിരുച്ചി ശിവയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് യുപിഎ നീക്കം.
രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥി

ന്യൂ ഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷം. ഡിഎംകെയുടെ തിരുച്ചി ശിവയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് യുപിഎ നീക്കം.

ശിവയെ പിന്തുണയ്ക്കാന്‍ യുപിഎ ഇതരകക്ഷികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനായില്ലെങ്കിലും പ്രതീകാത്മക മത്സരം വേണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

245 അംഗ സഭയില്‍ യുപിഎയ്ക്ക് 90 അംഗങ്ങളാണുള്ളത്. എസ്പി, ബിഎസ്പി, ആം ആദ്മി പാര്‍ട്ടി, ഇടത് പാര്‍ട്ടികള്‍ എന്നിവരുടെ പിന്തുണ തേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് വ്യക്തതയില്ല.

ജെഡിയു എംപി ഹരിവംശാണ് നിലവില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍. ഹരിവംശിന്റെ കാലാവധി അവസാനിച്ചിട്ടുണ്ട്. സെപ്തംബര്‍ 14 നാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com