മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്
India

മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്

നിയമസഭയിൽ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂര്‍ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവ് ഒക്രാം ഇബോബി സിംഗ് ഗവർണർക്ക് കത്ത് നല്‍കി

Sreehari

ഇംഫാൽ: മണിപ്പൂരിൽ സർക്കാർ രൂപീകരിക്കാമെന്ന അവകാശവാദം ഉന്നയിച്ച കോൺഗ്രസ്. സംസ്ഥാന നിയമസഭയിൽ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതി. മണിപ്പൂര്‍ കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവ് ഒക്രാം ഇബോബി സിങ്ങാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുള്ളത്.

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് ബിരേന്‍ സിങ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ അവസരം ഒരുക്കണമെന്നാണ് കത്തിലെ ആവശ്യം. പുതുതായി രൂപവത്കരിച്ച സെക്യുലര്‍ പ്രോഗ്രസീവ് ഫ്രണ്ടിനെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കണം. നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 20 ആണെന്നും ഏഴ് എംഎല്‍എമാരെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഹൈക്കോടതി തടഞ്ഞതിന് ശേഷമുള്ള കണക്കാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.

മൂന്ന് ബിജെപി എം‌എൽ‌എമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്. നാല് ദേശീയ പീപ്പിൾസ് പാർട്ടി (എൻ‌പി‌പി) എം‌എൽ‌എമാരും സ്വതന്ത്ര എം‌എൽ‌എയും തൃണമൂൽ കോൺഗ്രസ് (ടി‌എം‌സി) എം‌എൽ‌എമാരും മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. ഒക്രം ഇബോബി സിങ്ങായിരിക്കും സഖ്യം അധികാരത്തിലെത്തുകയാണെങ്കിൽ മുഖ്യമന്ത്രിയാവുക.

നിലവിലെ മന്ത്രി സഭയെ 23 എം‌എൽ‌എമാരാണ് പിന്തുണയ്ക്കുന്നത്. ബിജെപിയിൽ നിന്ന് 18 പേരും എൻ‌പി‌എഫിൽ നിന്ന് നാല് പേരും എൽ‌ജെ‌എസ്‌പിയിൽ നിന്ന്‍ ഒരാളും.

മറുവശത്ത് 20 ഐ‌എൻ‌സി എം‌എൽ‌എമാർ, നാല് എൻ‌പി‌പി എം‌എൽ‌എമാർ, ടി‌എം‌സിയുടെ ഒരു എം‌എൽ‌എ, ഒരു സ്വതന്ത്ര എം‌എൽ‌എ എന്നിവരാണ് എസ്‌പി‌എഫിനുള്ളത്. മൊത്തം 49 അംഗങ്ങളുള്ള സഭയില്‍ 26 അംഗങ്ങളുടെ പിന്തുണ ഇവര്‍ക്കുണ്ട്.

2017ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ്​ ഏറ്റവും വലിയ ഒറ്റകക്ഷിയായതെങ്കിലും ചെറുപാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു.

Anweshanam
www.anweshanam.com