സാമ്പത്തിക പാക്കേജുകള്‍ പരാജയം; കേന്ദ്ര ധനമന്ത്രിയെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്

മുൻകാല അനുഭവങ്ങളിൽ നിന്ന് കേന്ദ്രം ഇതുവരെ പാഠം പഠിച്ചില്ല.
സാമ്പത്തിക പാക്കേജുകള്‍ പരാജയം; കേന്ദ്ര ധനമന്ത്രിയെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക ഉത്തേജന നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. തിടുക്കത്തിൽ രൂപകൽപ്പന ചെയ്ത സാമ്പത്തിക പാക്കേജും മെയ് മാസത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ ഭാരത് പദ്ധതിയും ഇന്ത്യയുടെ തകർന്ന സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും ഗുരുതരമായ പരാജയമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

കോൺഗ്രസ് വക്താവ് പ്രൊഫസർ ഗൗരവ് വല്ലഭും കോൺഗ്രസിന്റെ ഡാറ്റാ അനലിറ്റിക്സ് വിഭാഗം ചെയർപേഴ്‌സൺ പ്രവീൺ ചക്രവർത്തിയും ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. മുൻകാല അനുഭവങ്ങളിൽ നിന്ന് കേന്ദ്രം ഇതുവരെ പാഠം പഠിച്ചിട്ടില്ലെന്നും നേതാക്കള്‍ ആരോപിച്ചു- എഎന്‍ഐ റിപ്പോര്‍ട്ട്.

"പണത്തെക്കുറിച്ചുള്ള ഏറ്റവും അടിസ്ഥാന പാഠം ധനമന്ത്രി മറന്നു. ഇതിനെ എൽ‌ടി‌സി അല്ലെങ്കിൽ ഫെസ്റ്റിവൽ അഡ്വാൻസ് എന്നിങ്ങനെ എന്ത് പേരിട്ട് വിളിച്ചാലും അത് വ്യക്തിയുടെ പണമാണ്. അധിക പണമില്ലെങ്കിൽ, വ്യക്തി കൂടുതൽ ചെലവഴിക്കാൻ പോകുന്നില്ല. സർക്കാർ ജീവനക്കാരോട് സ്വന്തം പണം എങ്ങനെ ചെലവഴിക്കണമെന്ന് ഉത്തരവിടുകയും അതിനെ സാമ്പത്തിക ഉത്തേജനം എന്ന് വിളിക്കുകയുമാണ് ചെയ്യുന്നത്", നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ച പണം വളരെ തുച്ഛമാണെന്നും അവര്‍ പറഞ്ഞു. ഈ നടപടികൾ കേവലം പ്രഖ്യാപനങ്ങൾ മാത്രമാണെന്നും സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നതിനുള്ള തെളിവുകാളാണെന്നും അവര്‍ വ്യക്തമാക്കി.

സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് 12,000 കോടി രൂപ പലിശരഹിത വായ്പ നല്‍കാനായിരുന്നു ഇന്നലെ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായത്. 50 ശതമാനം തുക ആദ്യഘട്ടത്തില്‍ അനുവദിക്കും. ഇത് ചെലവഴിച്ചശേഷം ബാക്കി തുക നല്‍കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ അവധിയാത്രാബത്ത പരിഷ്കരിക്കാനും യോഗത്തില്‍ തീരുമാനമായിരുന്നു. ടിക്കറ്റ് തുകയുടെ മൂന്നിരട്ടിവരെ ലീവ് എൻകാഷ്മെന്റായി നൽകും. പതിനായിരം രൂപവരെ പലിശയില്ലാതെ ഉത്സവബത്തയായി മുന്‍കൂര്‍ നല്‍കും. കൂടുതൽ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലീവ് ട്രാവൽ കണ്‍സക്ഷൻ (എൽടിസി) ക്യാഷ് വൗച്ചർ സ്കീം അവതരിപ്പിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്.

Related Stories

Anweshanam
www.anweshanam.com