ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിവില്‍ കേസുകളിലും നരേന്ദ്ര മോദി കുറ്റവിമുക്തൻ
India

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിവില്‍ കേസുകളിലും നരേന്ദ്ര മോദി കുറ്റവിമുക്തൻ

News Desk

News Desk

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിവില്‍ കേസുകളിലും പ്രധാന മന്ത്രി നരേന്ദ്ര മോദി കുറ്റവിമുക്തനായി. 2002 ലെ ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അവശേഷിച്ച മൂന്ന് കേസുകളില്‍ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കിയത്.

ഇമ്രാന്‍ സലീം ദാവൂദ്, ബ്രിട്ടീഷ് പൗരന്മാരായ ഷിറിന്‍ ദാവൂദ്, ഷമീമ ദാവൂദ് എന്നിവരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്കെതിരെ സിവില്‍ കേസുകള്‍ ഫയല്‍ ചെയ്തത്. 22 കോടി രൂപയായിരുന്നു പരാതിക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം. ബ്രിട്ടീഷ് പൗരന്മാരായതിനാല്‍ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികള്‍ സാക്ഷികളായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയിലെത്തിയിരുന്നു.

ഹര്‍ജിയില്‍ വാദം കേട്ട കോടതി മൂന്ന് കേസുകളില്‍ നിന്നും നരേന്ദ്രമോദിയെ ഒഴിവാക്കി പ്രഖ്യാപിക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത്, ആ സമയം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ വാദിഭാഗത്തിന് ആയില്ല. നരേന്ദ്ര മോദിയുടെ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചാണ് പ്രാന്തിജ് താലൂക്ക കോടതിയുടെ നടപടി. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ ഗോര്‍ധാന്‍ സദാഫിയ, അന്തരിച്ച മുന്‍ ഡിജിപി കെ. ചക്രവര്‍ത്തി, മുന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അശോക് നാരായണ്‍, അന്തരിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ് പഥക്ക്, ഇന്‍സ്‌പെക്ടര്‍ ഡി. കെ. വണിക്കര്‍ എന്നിവരേയും കുറ്റവിമുക്തരാക്കി.

Anweshanam
www.anweshanam.com