സർക്കാരിനോട് വിയോജിപ്പുള്ള പൗരന്മാരെ ജയിലിൽ അടയ്ക്കാനാവില്ല; ടൂള്‍കിറ്റ് കേസില്‍ പട്യാല ഹൗസ് കോടതി

കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ ത്യുന്‍ബെ ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റ് രൂപകല്‍പന ചെയ്തതിനാണ് ദിശാ അറസ്റ്റിലാകുന്നത്
സർക്കാരിനോട് വിയോജിപ്പുള്ള പൗരന്മാരെ ജയിലിൽ അടയ്ക്കാനാവില്ല; ടൂള്‍കിറ്റ് കേസില്‍ പട്യാല ഹൗസ് കോടതി
ദിഷ രവി

ന്യൂഡല്‍ഹി: സർക്കാരിനോട് വിയോജിപ്പുള്ള പൗരന്മാരെ ജയിലിൽ അടയ്ക്കാൻ കഴിയില്ലെന്ന് പട്യാല ഹൗസ് കോടതി. ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യം പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. അഡീഷണൽ സെഷൻസ് ജഡ്ജ് ധർമേന്ദർ റാണയാണ് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്.

'ഏതൊരു ജനാധിപത്യരാജ്യത്തും പൗരന്‍മാര്‍ സര്‍ക്കാരിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാണ്. ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന പൗരന്‍മാരെ തടവറകളിലാക്കാന്‍ സാധിക്കില്ല. വ്യത്യസ്ത അഭിപ്രായങ്ങൾ, ചിന്തകൾ, വിസമ്മതിക്കൽ ഒക്കെ സർക്കാരിൻ്റെ നയങ്ങളിൽ വസ്തുനിഷ്ഠത വർദ്ധിപ്പിക്കുന്നതിനുള്ള നിയമാനുസൃത കാര്യങ്ങളാണ്. ബോധവാനും ദൃഢനിശ്ചയമുള്ളവനുമായ ഒരു പൗരൻ, ഇതിനോട് ഭിന്നാഭിപ്രായമുള്ളതും സർക്കാരിനോട് വിധേയത്വം കാണിക്കുന്നതുമായ പൗരനും തമ്മിലുള്ള വൈരുധ്യം ആരോഗ്യമുള്ള, ഊർജസ്വലമായ ഒരു ജനാധിപത്യത്തിൻ്റെ അടയാളങ്ങളാണ്.”- കോടതി നിരീക്ഷിച്ചു.

22-കാരിയായ ദിശാ രവിയെ ഫെബ്രുവരി 13-ന് ബെംഗളൂരുവില്‍ നിന്നാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ ത്യുന്‍ബെ ട്വിറ്ററില്‍ പങ്കുവെച്ച ടൂള്‍കിറ്റ് രൂപകല്‍പന ചെയ്തതിനാണ് ദിശാ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമെന്ന വ്യവസ്ഥയിലാണ് കോടതി ഇന്ന് ദിശാ രവിക്ക് ജാമ്യം അനുവദിച്ചത്. ദിഷ രവിക്ക് ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന വാദത്തിന് മതിയായ തെൾവുകൾ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com