രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പ്രമുഖര്‍ ചൈനയുടെ നിരീക്ഷണ വലയത്തില്‍
India

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പ്രമുഖര്‍ ചൈനയുടെ നിരീക്ഷണ വലയത്തില്‍

ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇതിനു പിന്നില്‍.

News Desk

News Desk

ന്യൂ ഡൽഹി: ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നത്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ കേന്ദ്രമന്ത്രിമാര്‍, സംയുക്ത സേന മേധാവി കുടുംബാംഗങ്ങള്‍ എന്നിവര്‍ നിരീക്ഷിക്കപ്പെടുന്നവരില്‍പ്പെടുന്നു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ്സ് താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും പട്ടികയിലുണ്ട്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ചില സംസ്ഥാന മുഖ്യമന്ത്രിമാര്‍, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുണ്ട്. ശശിതരൂര്‍ ഉള്‍പ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, സംയുക്ത സൈനിക മേധാവി ബിപിന്‍ രാവത്ത്, സര്‍വ്വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.

വാർത്തയോട് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. ഡൽഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കിയത് ഇത്തരത്തിൽ ഇന്ത്യക്കാരെ നിരീക്ഷിക്കാൻ ആരെയും ചൈനീസ് സർക്കാർ ഏർപ്പെടുത്തിയിട്ടില്ല എന്നാണ്.

Anweshanam
www.anweshanam.com