പിന്മാറാന്‍ വിസമ്മതിച്ച്‌ ചൈന; അതിർത്തിയിൽ 40,000 സൈനികർ

ഡെസ്പാംഗ്, ഗോഗ്ര, പാംഗോങ്ങിനോടു ചേര്‍ന്ന ഫിംഗേഴ്സ് മേഖല എന്നിവിടങ്ങളില്‍ ഇപ്പോഴും സേനാവിന്യാസമുണ്ട്. 40,000ത്തോളം വരുന്ന സൈനികരാണ് ചൈനയ്ക്കു വേണ്ടി നിലയുറപ്പിച്ചിരിക്കുന്നത്

പിന്മാറാന്‍ വിസമ്മതിച്ച്‌ ചൈന; അതിർത്തിയിൽ 40,000 സൈനികർ

ന്യൂഡല്‍ഹി: ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പൂര്‍ണമായും പിന്മാറിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. ഡെസ്പാംഗ്, ഗോഗ്ര, പാംഗോങ്ങിനോടു ചേര്‍ന്ന ഫിംഗേഴ്സ് മേഖല എന്നിവിടങ്ങളില്‍ ഇപ്പോഴും സേനാവിന്യാസമുണ്ട്. 40,000ത്തോളം വരുന്ന സൈനികരാണ് ചൈനയ്ക്കു വേണ്ടി നിലയുറപ്പിച്ചിരിക്കുന്നത്.

വ്യോമപ്രതിരോധ സംവിധാനങ്ങള്‍, സായുധസേന, പീരങ്കികള്‍ തുടങ്ങിയവ ചൈന മേഖലയില്‍ എത്തിച്ചിട്ടുണ്ടെന്നും ഇവിടെനിന്നു പിന്മാറുന്ന ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ പറയുന്നു. 40,000 സൈനികരാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു.

ഈ പ്രദേശങ്ങള്‍ തന്ത്രപ്രധാനമായ മേഖലയാണ്. ഈ പ്രദേശങ്ങളില്‍ ചൈനയിപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്നാണ് ചൈന ഇവിടെ നിന്നുളള പിന്‍മാറ്റത്തില്‍ വിസമ്മതം അറിയിച്ചത്.

മെയ് ആദ്യവാരം മുതല്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ വിവിധയിടങ്ങളിലായി സംഘര്‍ഷം നടന്നു വരികയാണ്. പ്രശ്ന പരിഹാരത്തിനായി സൈനിക നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇരുരാജ്യങ്ങളും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ജൂണ്‍ 15ന് ഗാല്‍വന്‍ താഴ്‌വരയില്‍ സൈനീകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കേണല്‍ അടക്കം 20 ഇന്ത്യന്‍ സൈനികരാണ് വീരമ‌ൃത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിക്കുന്ന വിവരങ്ങള്‍ ചൈന ഇതുവരെ പുറത്തു വിട്ടിട്ടില്ല.

Related Stories

Anweshanam
www.anweshanam.com