ഇന്ത്യയുടെ നിബന്ധനകള്‍ അംഗീകരിച്ച് ചൈന; ഗാല്‍വാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കും
India

ഇന്ത്യയുടെ നിബന്ധനകള്‍ അംഗീകരിച്ച് ചൈന; ഗാല്‍വാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കും

ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് ഇതു സംബന്ധിച്ച് ധാരണയായത്

By News Desk

Published on :

ന്യൂഡല്‍ഹി: ഗാല്‍വാനിലെ നിയന്ത്രണരേഖയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായതായി റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധനകളില്‍ ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം പാന്‍ഗോങ്ങ് മേഖലയിലെ സംഘര്‍ഷാവസ്ഥ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് ഇതു സംബന്ധിച്ച് ധാരണയായത്. പതിനാറാം കോര്‍ കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്ങും തെക്കന്‍ ഷിന്‍ജിയാങ് സൈനിക മേഖലാ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിന്നും തമ്മില്‍ ചുഷുല്‍ ഔട്‌പോസ്റ്റിലാണ് ചര്‍ച്ചകള്‍ നടന്നത്. ഗാല്‍വന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷത്തിനു ശേഷം നടക്കുന്ന മൂന്നാംഘട്ട ചര്‍ച്ചയായിരുന്നു ഇത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

ലഡാക്കിലെ 14, 15, 17 പട്രോളിങ് പോയിന്റുകളില്‍നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കും. ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ അതിര്‍ത്തിരേഖയില്‍നിന്ന് നൂറിലധികം മീറ്ററുകള്‍ അകലേയ്ക്ക് ചൈനീസ് സൈന്യത്തെ പിന്‍വലിക്കുമെന്നാണ് ധാരണ.

ഗാല്‍വന്‍ താഴ്വര, ഹോട്ട് സ്പ്രിങ്, പാംഗോങ് തടാകം എന്നിവിടങ്ങളില്‍നിന്ന് സേനാപിന്മാറ്റത്തിന് ഇരു രാജ്യങ്ങളും നേരത്തെ നടന്ന ചര്‍ച്ചകളില്‍ തന്നെ ധാരണയായിരുന്നു. എന്നാല്‍ തീരുമാനത്തിന് പിന്നാലെ ചൈന കൂടുതല്‍ സ്ഥലങ്ങളില്‍ കടന്നുകയറി സൈനികവിന്യാസവും നിര്‍മാണവും നടത്തിയിരുന്നു. ഈ സാഹചര്യങ്ങളും സൈനിക മേധാവി യോഗത്തില്‍ ഉന്നയിച്ചതായാണ് വിവരം. ചര്‍ച്ചയിലുണ്ടായ ധാരണകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തിറക്കിയിട്ടില്ല.

Anweshanam
www.anweshanam.com