ഡല്‍ഹി കലാപം; കുറ്റപത്രത്തില്‍ ബി.ജെ.പി. നേതാവിന്‍റെ പേര്
India

ഡല്‍ഹി കലാപം; കുറ്റപത്രത്തില്‍ ബി.ജെ.പി. നേതാവിന്‍റെ പേര്

ഡല്‍ഹി ബ്രഹ്മപുരി മണ്ഡലിലെ ജനറല്‍ സെക്രട്ടറി ബ്രിജ്‌മോഹന്‍ ശര്‍മയുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.

By News Desk

Published on :

ന്യൂ ഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹി കലാപത്തിനിടെ 25-കാരന്‍ കൊല്ലപ്പെട്ട കേസിന്റെ കുറ്റപത്രത്തില്‍ ബി.ജെ.പി. നേതാവിന്റെ പേരും. ഡല്‍ഹി ബ്രഹ്മപുരി മണ്ഡലിലെ ജനറല്‍ സെക്രട്ടറി ബ്രിജ്‌മോഹന്‍ ശര്‍മയുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. വര്‍ഷങ്ങളായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ബ്രിജ്‌മോഹനെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം നടന്നത്. ഫെബ്രുവരി 26-ന് കര്‍താര്‍ നഗറിലുണ്ടായ കലാപത്തിനിടെ ഇര്‍ഫാന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28-നാണ് ബ്രിജ്‌മോഹനും അയല്‍ക്കാരായ സണ്ണി സിങ്ങും അറസ്റ്റിലാകുന്നത്.

ജൂണ്‍ 23-നാണ് ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ടിന് മുമ്പാകെ കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ബ്രിജ്‌മോഹന്റെ രാഷ്ട്രീയ താല്‍പര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. 'നേതാജി' എന്നാണ് പ്രാദേശികമായി ഇയാള്‍ അറിയപ്പെടുന്നത്. കൊലപാതകം നടത്തിയതായി ബ്രിജ്‌മോഹന്‍ സമ്മതിക്കുന്നതായി കുറ്റപത്രം പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയെക്കുറിച്ച് പരാമര്‍ശമില്ല.

ബ്രിജ്‌മോഹന്റെ പിതാവ് ഹരീഷ് ചന്ദ്രയും ബി.ജെ.പി. നേതാവാണ്. കിസാന്‍ മോര്‍ച്ചയുടെ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. ബ്രിജ്‌മോഹന്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഹരീഷ് ചന്ദ്ര സമ്മതിച്ചു. ബ്രിജ്‌മോഹനെ കലാപക്കേസില്‍ പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

'കലാപം നടക്കുന്നതിന് മുമ്പ്, രണ്ടു പോലീസുകാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് രണ്ടു കുടുംബങ്ങളില്‍നിന്ന് പണം ആവശ്യപ്പെട്ടിരുന്നു. ആ നീക്കം ബ്രിജ്‌മോഹന്‍ ഇടപെട്ട് നിര്‍ത്തി. എന്നാല്‍ ഇപ്പോള്‍ പോലീസുകാരും ഞങ്ങളുടെ രാഷ്ട്രീയ എതിരാളികളും ചേര്‍ന്ന് അവനെ കുറ്റക്കാരനാക്കുകയാണ്,' ഹരീഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ബി.ജെ.പിയിലെ ഒരു മുതിര്‍ന്ന നേതാവും ബ്രിജ്‌മോഹന്‍ പാര്‍ട്ടിയില്‍ സ്ഥാനം വഹിച്ചിരുന്നതായി സ്ഥിരീകരിച്ചിരുന്നു.

Anweshanam
www.anweshanam.com