കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദ്ദേശം

രാജ്യത്ത് നിലവില്‍ പത്ത് ലക്ഷം കോവിഡ് പരിശോധനകളാണ് ദിവസേന നടത്തുന്നത്
കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദ്ദേശം

ന്യൂഡല്‍ഹി: കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ചില ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കോവിഡ് രണ്ടാം തരംഗം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് മുന്‍കരുതല്‍ നടപടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നിവടങ്ങളിലാണ് കോവിഡ് രണ്ടാം തരംഗത്തിന്‍റെ സൂചനകള്‍ കാണിച്ചുതുടങ്ങിയത്. ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ രാത്രികാല കര്‍ഫ്യുവും പകല്‍ കര്‍ഫ്യുവും ഉള്‍പ്പെടെ ഏര്‍പ്പെടുത്തി വീണ്ടും നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Read also: രാജ്യത്ത് 46,232 പേര്‍ക്കു കൂടി കോവിഡ്; 64 മരണം

രാജ്യത്ത് നിലവില്‍ പത്ത് ലക്ഷം കോവിഡ് പരിശോധനകളാണ് ദിവസേന നടത്തുന്നത്. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3.4 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. രണ്ട് ആഴ്ചത്തേക്ക് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനമോ അതില്‍ താഴെയോ നില്‍ക്കുകയാണെങ്കില്‍ രോഗവ്യാപനം നിയന്ത്രണവിധേയയമായതായി കണക്കാക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.

അതിനിടെ, രാജ്യത്ത് 46,232 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 564 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,32,726 ആയി.

49,715 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. രോഗമുക്തി നേടിയവരുടെ എണ്ണം 84,78,124 ആയി.

Related Stories

Anweshanam
www.anweshanam.com