വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

രണ്ട് കോടി രൂപ വരെയുളള ആറ് മാസത്തെ മൊറട്ടോറിയം പിഴപ്പലിശയാണ് ഒഴിവാക്കുക.
വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. രണ്ട് കോടി രൂപ വരെയുളള ആറ് മാസത്തെ മൊറട്ടോറിയം പിഴപ്പലിശയാണ് ഒഴിവാക്കുക. കൂടാതെ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കുളള വായ്പകള്‍ക്കും വിദ്യാഭ്യാസ, ഭവന, വാഹന, പ്രൊഫഷണല്‍ വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് തുകകള്‍ക്കും ഇളവ് ബാധകമാണ്.

എല്ലാ ഇടപാടുകാര്‍ക്കും ഈ ആനുകൂല്യം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തില്‍ പറയുന്നു. എല്ലാ ലോണുകളുടെയും മൊറട്ടോറിയം കാലയളവിലെ പലിശ മുഴുവനായും എഴുതി തളളാനാകില്ല. എല്ലാ ലോണുകളുടെയും മൊറട്ടോറിയം കാലത്തെ പലിശ മാത്രം ഏതാണ്ട് ആറ് ലക്ഷം കോടിയോളം വരും. അത് ബാങ്കുകളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ചെറുകിട വ്യവസായികളെയും സാധാരണക്കാരെയും സഹായിക്കാനാണ് പുതിയ നടപടി. എന്നാല്‍ രണ്ട് കോടിയില്‍ കൂടുതലുളള ഒരു വായ്പയ്ക്കും ഈ ആനുകൂല്യം ലഭ്യമാക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിസന്ധിഘട്ടങ്ങളില്‍ സര്‍ക്കാര്‍ പിഴപ്പലിശയുടെ ഭാരം വഹിക്കുക എന്നത് മാത്രമാണ് പോംവഴിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പാര്‍ലമെന്റിന്റെ അനുമതി ഇക്കാര്യത്തില്‍ തേടും.

Related Stories

Anweshanam
www.anweshanam.com