വാക്സിന്‍ വിരുദ്ധര്‍ക്കായി ബോധവത്കരണം; കര്‍മ്മ പരിപാടിയുമായി കേന്ദ്ര സര്‍ക്കാര്‍

വാക്സിന്‍ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ദൃഢവിശ്വാസം ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
വാക്സിന്‍ വിരുദ്ധര്‍ക്കായി ബോധവത്കരണം; കര്‍മ്മ പരിപാടിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡൽഹി: പരമ്പരാഗതമായി വാക്സിനുകളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയും ബോധവത്‌കരിക്കുന്നതിന് കർമ്മപരിപാടി തയ്യാറാക്കി കേന്ദ്രസർക്കാർ. മതമേലധ്യക്ഷന്മാരും ആശാ ജീവനക്കാരും പൊതു പ്രവർത്തകരും ഉൾപ്പടെയുള്ളവരെയാണ് ബോധവത്‌കരണത്തിനായി രംഗത്തിറക്കുന്നത്.

മത, സമുദായ നേതാക്കൾക്കും പൊതു പ്രവർത്തകർക്കുമായി പ്രത്യേക വര്‍ക് ഷോപ്പുകള്‍ ആരംഭിക്കാൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. വാക്സിനെതിരെ വ്യാജ പ്രചാരണങ്ങളോ എതിർപ്പോ ഉണ്ടായാൽ ബ്ലോക്ക് തലങ്ങളിലുള്ള ആരോഗ്യ പ്രവർത്തകർ മത, സമുദായ നേതാക്കൾ, പൊതു പ്രവർത്തകർ എന്നിവർക്കൊപ്പം സഹകരിച്ചു പ്രവർത്തിക്കണം എന്നാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്ന കർമ്മ പരിപാടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

വാക്സിനുകളോട് പാരമ്പരാഗതമായി എതിർപ്പ് രേഖപ്പെടുത്തുന്ന സ്ഥലങ്ങൾ കണ്ടെത്താൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിനാൽ കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ച് ചില സംശയങ്ങൾ ജനങ്ങള്‍ക്കിടയിലുണ്ട്.

ഇത്തരക്കാരെയും ബോധവത്‌കരിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്. കോവിഡ് വാക്സിനെ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ദൃഢവിശ്വാസം ഉണ്ടാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com