ഹാത്രാസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്ന് ആശുപത്രി

ഹത്രാസ് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ഹാത്രാസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്ന് ആശുപത്രി

ആഗ്ര: ഹാത്രാസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായെന്ന് ആശുപത്രി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയാണ് ദൃശ്യങ്ങള്‍ തങ്ങളുടെ കയ്യിലില്ലെന്ന് അറിയിച്ചത്.

സെപ്തംബര്‍ 14ന് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചതുമുതലുള്ള ദൃശ്യങ്ങളാണ് സൂക്ഷിച്ച് വെച്ചിട്ടില്ലെന്ന് ആശുപത്രി പറഞ്ഞത്. കേസ് അന്വേഷിക്കുന്ന സിബിഐ സിസിടിവി ദൃശ്യങ്ങളാവശ്യപ്പെട്ട് ആശുപത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ ഏഴു ദിവസത്തില്‍ കൂടുതലുള്ള ഡാറ്റകള്‍ സൂക്ഷിച്ച് വെക്കാറില്ലെന്നാണ് ആശുപത്രിയുടെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഇന്ദ്ര വീര്‍ സിംഗ് പറഞ്ഞത്.

‘സംഭവം നടന്ന സമയത്തൊന്നും ജില്ലാ ഭരണകൂടമോ പൊലീസോ ഫൂട്ടേജ് ആവശ്യപ്പെട്ടിരുന്നില്ല. ഒരു മാസം കഴിഞ്ഞ് അത് നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ല. ആരെങ്കിലും നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത് സൂക്ഷിച്ച് വെച്ചേനെ. സാധാരണ ഗതിയില്‍ ഏഴു ദിവസം വരെ മാത്രമാണ് സിസിടിവി ദൃശ്യങ്ങള്‍ എടുത്ത് വെക്കാറുള്ളത്,’ ഇന്ദ്ര വീര്‍ സിംഗ് പറഞ്ഞു.

ഹാത്രാസ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമെങ്കില്‍ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം ഉറപ്പാക്കാമെന്ന് കഴിഞ്ഞ തവണ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇതിലും ഇന്ന് തീരുമാനമായേക്കും.

Related Stories

Anweshanam
www.anweshanam.com